തൊടുപുഴ: ഓണ്‍ലൈന്‍ പഠനം പൂര്‍ണമായും കുട്ടികളിലെത്തിക്കാനാകാതെ ഇടുക്കി. ഉടുമ്പന്നൂരിനടുത്തെ കൈതപ്പാറ ഗ്രാമം ഇപ്പോഴും ഓഫ്‌ലൈനാണ്. 29 കുട്ടികളാണ് ഇവിടെ ഓണ്‍ലൈന്‍ പഠനത്തിന് പുറത്തായിരിക്കുന്നത്.

കൈതപ്പാറ ഗ്രാമത്തിലുള്ളവര്‍ രാവിലെ കൂട്ടം കൂടി പോകുന്നത് കണ്ടാല്‍ പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്ന് തോന്നും, പക്ഷെ മൊബൈലില്‍ വിക്ടേഴ്‌സ് ചാനല്‍ കിട്ടാന്‍ റേഞ്ച് തേടി നടക്കുന്നതാണിവര്‍. നാട്ടുകാര്‍ റേഞ്ച് പാറ എന്ന് വിളിക്കുന്നിടത്ത് മാത്രമാണ് ഇടയ്‌ക്കെങ്കിലും സിഗ്‌നല്‍ ലഭിക്കുന്നത്.

ഉടുമ്പന്നൂരില്‍ നിന്ന് 10 കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ച് വേണം കൈതപ്പാറയിലെത്താന്‍. മഴയും കോടമഞ്ഞും പതിവായതിനാല്‍ ഡിഷ് സ്ഥിരമായി പണിമുടക്കും. ടിവിയില്‍ വിക്ടേഴ്‌സ് ചാനല്‍ കിട്ടില്ല. പ്രശ്‌നപരിഹാരത്തിനായി വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഇതുവരെ ആരും സമീപിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.