കല്‍പ്പറ്റ: എപ്പോൾ വേണമെങ്കിലും വന്യമൃ​ഗങ്ങളാൽ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണ് പുല്‍പ്പള്ളി പഞ്ചായത്തിലുള്‍പ്പെട്ട വനഗ്രാമമായ വെളുകൊല്ലി നിവാസികളുടെ ജീവിതം. കടുവയും ആനയുമൊക്കെ എപ്പോള്‍ വേണമെങ്കിലും ചാടിവീണ് ആക്രമിച്ചേക്കാം എന്നാണ് സ്ഥിതിയെന്ന് ഇവിടുത്തുകാർ പറയുന്നു. വേനല്‍ക്കാലമായാല്‍ വന്യമൃഗങ്ങള്‍ കൂടുതല്‍ എത്തുകയാണ്. ഇക്കാരണം കൊണ്ട് തന്നെ ഒരു ഗ്രാമമൊന്നാകെ പുനരധിവാസം വേണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 20-ാം വാര്‍ഡ് കുറുവ ദ്വീപ് ഉള്‍പ്പെടുന്ന വെളുകൊല്ലി ഗ്രാമത്തില്‍ 55 കുടുംബങ്ങളാണുള്ളത്. 

കാലാകാലങ്ങളായി ജീവിക്കുന്ന മണ്ണില്‍നിന്ന് വിട്ടുപോകാന്‍ മനസ്സില്ലെങ്കിലും വന്യമൃഗങ്ങളാല്‍ ജീവന് ഭീഷണിയും കൃഷിനാശവും രൂക്ഷമായതോടെയാണ് പുനരധിവാസമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ഇത്രയും കാലമായിട്ടും ഒരു റോഡ് പോലും നിര്‍മിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്ന് ​ഗ്രാമവാസികൾ പറയുന്നു. വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് തടസ്സമായി പറയുന്നത്. എന്നാല്‍ ഇതേ വനങ്ങളോട് ചേര്‍ന്ന് റിസോര്‍ട്ടുകള്‍ക്കടക്കം അനുമതി നല്‍കുന്ന കാര്യവും ഗ്രാമവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും  വെളുകൊല്ലി ​ഗ്രാമം തീര്‍ത്തും ഒറ്റപ്പെട്ടു പോയിരുന്നു. ആദ്യമുണ്ടായ പ്രളയത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഇവിടേക്ക് ഭക്ഷണമടക്കമുള്ള സഹായങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ പ്രളയത്തില്‍ മണ്‍പാതയടക്കം ഒലിച്ചുപോയതിനാല്‍ സഹായമെത്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ചെട്ടി, കാട്ടുനായ്ക വിഭാഗത്തില്‍പ്പെട്ടവരാണ് ഗ്രാമവാസികള്‍. കൃഷി ചെയ്തും കൃഷിപ്പണിയെടുത്തുമാണ് ഇവിടുത്തുകാരുടെ ഉപജീവനം. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിന് പുറമെയാണ് പ്രളയം ഗ്രാമത്തിലെ കാര്‍ഷിക ജീവിതമാകെ തകര്‍ത്തു കളഞ്ഞത്. എല്ലാതരത്തിലും ജീവിതം വഴിമുട്ടിയപ്പോഴാണ് പുനരധിവാസം എന്ന ആവശ്യം ഗ്രാമവാസികള്‍ വീണ്ടും ഉയര്‍ത്തുന്നത്.