ആലപ്പുഴ : കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കാതെ വിനോദ് വിടവാങ്ങി. തണ്ണീർമുക്കം പഞ്ചായത്ത് 18-ാ വാർഡിൽ ചെറുവള്ളിച്ചിറയിൽ വിനോദ് (49) ആണ് സുമനസുകളുടെ സഹായഹസ്തങ്ങൾക്ക് നന്ദി പറഞ്ഞ് വിട വാങ്ങിയത്. 

ഗുരുതര കരൾ രോഗ ബാധിതനായ വിനോദ് കോട്ടയം മെഡിക്കൽ കോളേജുൾപ്പെടെ നിരവധി ആശുപത്രികൾ കയറിയിറങ്ങിയപ്പോഴും   കരൾ മാറ്റിവയ്ക്കാതെ നിവൃത്തിയില്ലെന്നും അറിയിച്ചു. ഇതിനായി 25 ലക്ഷം രൂപ ആവശ്യമായി വന്നതോടെ  എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലായിരുന്നു വിനോദ്. സഹോദരി കരൾ പകുത്ത് നൽകാൻ തയ്യാറായെ ങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ  തുകയാണ് വിനോദിന് മുമ്പിൽ വില്ലനായത്. 

വിനോദിന്റെ ശസ്ത്രക്രിയക്കായി എ.ഐ.വൈ.എഫ്  ചേർത്തല സൗത്ത് മണ്ഡലം കമ്മറ്റി തണ്ണീർമുക്കം, ചേർത്തല തെക്ക്, മുഹമ്മ, കഞ്ഞിക്കുഴി എന്നീ നാല് പഞ്ചായത്തുകളിലായി മെഗാ ബിരിയാണി ചലഞ്ച് നടത്തിയതോടെ  വിനോദിന്റെ തിരിച്ചു വരവിന് പ്രതീക്ഷയായി. കൊവിഡ് പശ്ചാതലത്തിലും, മറ്റ് അണുബാധ ഏൽക്കാതെയും പ്രത്യേക പരിചരണങ്ങളാണ് വീട്ടുകാർ ഒരുക്കിയത്. എന്നാൽ ഓഗസ്റ്റ് അവസാനത്തോടെ വിനോദിന്റെ അസുഖം മൂർച്ചിക്കുകയും തുടർന്ന് എറണാകുളം അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും തിരുവോണ ദിവസം ഉച്ചയോടെ മരിക്കുകയായിരുന്നു.