തിരുവനന്തപുരം: വിഴിഞ്ഞം ഹാർബർ റോഡിൽ മുഹിയ്യിദ്ദീൻ പള്ളിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടത് ജനങ്ങളെ ദുരിതത്തിലാക്കിയിട്ടും തിരിഞ്ഞുനേക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം.അശാസ്ത്രീയ   റോഡ് നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ്  ആരോപണം.  ചെറിയ മഴയിൽ  പോലും പ്രദേശം വെള്ളത്തിന് അടിയിലാകുന്ന  അവസ്ഥയാണ്.

പളളിയുടെ മുൻവശം വെള്ളം കെട്ടിനിൽക്കുന്നത് പ്രാർത്ഥനക്കായി പള്ളിയിലെത്തുന്നവരെയും ഇതുവഴിയുള്ള കാൽനടയാത്രക്കാരെയും ദുരിത്തിലാക്കുകയാണ്.തീരദേശ പൊലീസിലെയും, തീരസംരക്ഷണസേനയിലെയും, മറൈൻ എൻഫോഴ്സ്മെൻറിലെയും ഉദ്യോഗസ്ഥരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. 

ആഴാകുളം മുതൽ വിഴിഞ്ഞം മുഹിയ്യിദ്ദീൻ പള്ളിവരെയുള്ള റോഡ് നാലര കോടിയോളം രൂപമുടക്കി ഈയടുത്താണ് റോഡ്   പുനർനിർമ്മിച്ചത്. ഇതിന് ശേഷമാണ്
മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത്.  ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻറെ മേൽനോട്ടത്തിലാണ് റോഡ് നിർമ്മാണം നടന്നത്. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയും ഉത്തരവാദിത്തമില്ലായ്മയും കാരണം കരാറുകാർ  തന്നിഷ്ട പ്രകാരം റോഡ് പണി നടത്തി. ഹാർബർ റോഡിലെ മുഴുവൻ വെള്ളവും ഒഴുകിയെത്തി പള്ളിക്ക് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം റോഡ് നിര്‍മാണത്തിലെ അപാകതയാണെന്നും  ജമാഅത്ത് ഭാരവാഹികൾ ആരോപിച്ചു.  

ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇതിന്  പരിഹാരം കാണണമെന്ന്  ആവശ്യപ്പെട്ടപ്പോള്‍ നോക്കാം എന്നു പറയുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.  ദിനേനെ നൂറുകണക്കിന് ടൂറിസ്റ്റുകളും സന്ദർശിക്കുന്ന സ്ഥലത്തിനാണ് ഈ  ദുരവസ്ഥ. നൂറ്റാണ്ടുകൾ പഴക്കമുള്ള മുഹിയിദ്ദീൻ പള്ളിയുടെ മുൻവശം ഇതിന് മുമ്പ് ഇങ്ങനെ ഒരു  വെള്ളക്കെട്ട് ഉണ്ടായാതായി പഴമക്കാരുടെ ഓർമ്മയിലും ഇല്ല.

പതിനായിരങ്ങളെത്തുന്ന മുഹിയിദ്ദീൻ പള്ളിയിലെ  ഉറൂസ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രശ്നത്തിന്   പരിഹാരം കാണാൻ തയാറാകാത്ത അധികൃതരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തിരമായി  ഇടപെട്ട്  വെള്ളം ഒഴുകി  പോകാനുള്ള നടപടി സ്വീകരിച്ച് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളുടെ പിന്തുണയോടെ ശക്തമായ  പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന്  ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.