Asianet News MalayalamAsianet News Malayalam

നീരൊഴുക്ക് നിലച്ചു, പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് കുറഞ്ഞു

ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നേരെ അതേ അളവില്‍ ചാലക്കുടി പുഴയിലേക്ക് ഒഴുകിപ്പോവാന്‍ അനുവദിക്കുകയാണ്. 

water level in peringalkuth dam
Author
Thrissur, First Published Aug 12, 2019, 4:07 PM IST

തൃശൂര്‍: പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ജലനിരപ്പ് കുറഞ്ഞു. ഇതോടെ ഡാമിന്‍റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളിലൂടെയും ചാലക്കുടി പുഴയിലേക്ക് ജലം ഒഴുകിയിരുന്നത് നിലച്ചു. നിലവില്‍ ഡാമിന്‍റെ നാല് സ്ലൂയിസ് ഗേറ്റുകളില്‍ രണ്ടെണ്ണത്തിലൂടെ മാത്രമാണ് ജലം പുഴയിലേക്ക് ഒഴുകുന്നത്. ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് ഡാമില്‍ സംഭരണ ശേഷിയുടെ 58.6 ശതമാനം മാത്രം ജലമാണുള്ളത്. ഡാമിന്‍റെ ഇപ്പോഴത്തെ ജലനിരപ്പ് 418.95 മീറ്ററാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ക്രസ്റ്റ് ഗേറ്റുകളിലൂടെയുള്ള ജലമൊഴുക്ക് നിലച്ചത്.

ഡാമിന്‍റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളും ഏറ്റവും താഴത്തെ നിലയില്‍ ക്രമീകരിച്ചിരിക്കുകയാണ്. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നേരെ അതേ അളവില്‍ ചാലക്കുടി പുഴയിലേക്ക് ഒഴുകിപ്പോവാന്‍ അനുവദിക്കുകയാണ്. ഡാമില്‍ വെള്ളം സംഭരിക്കുന്നില്ല. ഡാമിലേക്ക് വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. രണ്ടു ദിവസം മുമ്പത്തെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമേ നീരൊഴുക്കുള്ളൂ. ഡാമിന്‍റെ പൂര്‍ണ സംഭരണ ശേഷി 424 മീറ്ററാണ്. 267.68 ക്യൂമെക്സ് ജലമാണ് ഡാമിലേക്കുളള നീരൊഴുക്ക് സ്ലൂയിസ് ഗേറ്റിലൂടെ 353.08 ക്യൂമെക്സ് ജലമാണ് ഒഴുക്കി വിടുന്നത്.

തമിഴ്‌നാട് ഷോളയാര്‍ ഡാം നിലവില്‍ പൂര്‍ണ സംഭരണ ശേഷിയിലാണെങ്കിലും അധിക ജലം തമിഴ്‌നാടിന്‍റെ തന്നെ പറമ്പിക്കുളം ഡാമിലേക്ക് ഒഴുക്കുകയാണ്. കേരള ഷോളയാറിലേക്ക് ഒഴുക്കുന്നില്ല. കേരള ഷോളയാറില്‍ നിലവില്‍ സംഭരണ ശേഷിയുടെ 49.2 ശതമാനം മാത്രമാണ് ജലമുള്ളത്. കേരള ഷോളയാര്‍ തുറന്നാല്‍ മാത്രമാണ് ആ ജലം പെരിങ്ങല്‍ക്കുത്തിലേക്ക് ഒഴുകിയെത്തുക.

പെരിങ്ങല്‍ക്കുത്തിലേക്ക് നീരൊഴുക്ക് കുറഞ്ഞാല്‍ ഇപ്പോള്‍ തുറന്ന രണ്ട് സ്ലൂയിസ് ഗേറ്റുകളും അടക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ഡാമില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് രണ്ട് പവര്‍ ഹൗസുകളിലും പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios