പദ്ധതി പാളിയതോടെ കഴിഞ്ഞ അഞ്ച് മാസമായി കടുത്ത ജല ദൗർലഭ്യത്തിലാണ് കോളനി നിവാസികൾ. രണ്ടു കോളനികളിലേക്ക് ഒരു പൈപ്പിലൂടെയാണ് വെള്ളമെത്തുന്നത്. ഇതിനാല്‍ ചുരക്കുളം കഴിഞ്ഞ് ഇടക്കടവിലേക്ക് വെള്ളം എത്തുന്നില്ലെന്ന്  നാട്ടുകാർ പറഞ്ഞു. 

മറയൂര്‍: മറയൂര്‍ കാന്തല്ലൂര്‍ ഇടക്കടവില്‍ അശാസ്ത്രീയമായി നിർമ്മിച്ച ജലനിധി പദ്ധതിയിൽ നിന്ന് വെളളം കിട്ടുന്നില്ലെന്ന് പരാതി. ലക്ഷങ്ങള്‍ മുടക്കി നടപ്പാക്കിയ പദ്ധതി പാഴായതോടെ കിലോമീറ്ററുകൾ നടന്ന് വെളളം സംഭരിക്കേണ്ട ഗതികേടിലാണ് ഇടക്കടവ് കോളനി നിവാസികൾ.

എട്ട് മാസം മുന്‍പാണ് ഇടക്കടവ്, പോങ്ങംപള്ളി കോളനികളിലേക്കായി 35 ലക്ഷത്തിലധികം രൂപയുടെ ജലനിധി പദ്ധതി നടപ്പാക്കിയത്. ഇതോടെ ജലക്ഷാമത്തിന് അറുതി വരുമെന്നാണ് കോളനി നിവാസികൾ പ്രതീക്ഷിച്ചത്. പക്ഷെ പദ്ധതി പാളിയതോടെ കഴിഞ്ഞ അഞ്ച് മാസമായി കടുത്ത ജല ദൗർലഭ്യത്തിലാണ് കോളനി നിവാസികൾ. ദൈനംദിന ആവശ്യങ്ങൾക്കായി രണ്ടു കിലോമീറ്റര്‍ അകലെയുള്ള പാമ്പാറിൽ നിന്ന് തലച്ചുമടായാണ് ഇപ്പോൾ വെള്ളമെത്തിക്കുന്നത്. രണ്ടു കോളനികളിലേക്ക് ഒരു പൈപ്പിലൂടെയാണ് വെള്ളമെത്തുന്നത്. ഇതിനാല്‍ ചുരക്കുളം കഴിഞ്ഞ് ഇടക്കടവിലേക്ക് വെള്ളം എത്തുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. 

മാലിന്യങ്ങളുമായി ഒഴുകിയെത്തുന്ന പാമ്പാറിലെ വെള്ളം അതേപടി ഉപയോഗിക്കേണ്ടി വരുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായും പരാതിപ്പെടുന്നു. പദ്ധതി ശാസ്ത്രീയമായി തന്നെയാണ് നടപ്പാക്കിയതെന്നും ഗ്രാമവാസികള്‍ അവരുടെ ചുമതല നിർവ്വഹിക്കാത്തതാണ് യഥാർത്ഥ പ്രശ്നമെന്നും ജലനിധി അധികൃതര്‍ പറ‌ഞ്ഞു. വരും ദിവസങ്ങളില്‍ വേനൽ കടുക്കുന്നതോടെ ജലക്ഷാമം കൂടുതൽ രൂക്ഷമാകും. പഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.