Asianet News Malayalam

ശുദ്ധീകരണപ്ലാന്റിന് സ്ഥലം ലഭിക്കുന്നില്ല; ഇനിയും പൂര്‍ത്തിയാകാതെ മൂന്ന് പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള പദ്ധതി

രണ്ടാംഘട്ടത്തില്‍ ശുദ്ധീകരണ പ്ലാന്റും ടാങ്കും സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തി നല്‍കേണ്ടത് ഗുണഭോക്താക്കളായ പഞ്ചായത്തുകളാണ്. 

Water purification plant does not Get space in Wayanad
Author
Wayanad, First Published Jul 20, 2021, 4:38 PM IST
  • Facebook
  • Twitter
  • Whatsapp

കല്‍പ്പറ്റ: ഓരോ വേനല്‍ക്കാലങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുവഭിക്കുന്ന പ്രദേശങ്ങള്‍ വയനാട്ടിലുണ്ട്. പല കാലത്തായി വിവിധ പേരുകളില്‍ കൊണ്ടുവന്ന പദ്ധതികളോരോന്നിലും കോടികള്‍ പാഴായി എന്നല്ലാതെ പലയിടത്തെയും കുടിവെള്ള ക്ഷാമത്തിന് ഇതുവരെയും ശാശ്വത പരിഹാരമായിട്ടില്ല. മൂന്ന് പഞ്ചായത്തുകളുടെ ദാഹമകറ്റാന്‍ 177 കോടി രൂപ ചിലവില്‍ പൂര്‍ത്തിയാക്കാനുദ്ദേശിച്ച ബൃഹത്പദ്ധതി ഒന്നാംഘട്ടത്തില്‍ തന്നെ താളംതെറ്റി. 

കാരാപ്പുഴ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് മേപ്പാടി, മുപ്പൈനാട്, വൈത്തിരി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം തീര്‍ക്കാനായി മേപ്പാടിക്കടുത്തുള്ള നത്തംകുനിയില്‍ തുടങ്ങിവെച്ച പദ്ധതിയാണ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്നത്. 14 കോടി മുടക്കി കിണറും പമ്പ് സെറ്റുകളും സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റു പ്രവൃത്തികളെല്ലാം മുടങ്ങിക്കിടപ്പാണ്. ട്രീറ്റ്‌മെന്റ് പ്ലാന്റിനുള്ള സ്ഥലം കണ്ടെത്താനാകാത്തതിനാല്‍ രണ്ടുവര്‍ഷംമുമ്പ് പണിതീര്‍ത്ത കെട്ടിടം കാട് മൂടി നശിക്കുകയാണ്. 2014-15 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമഗ്രകുടിവെള്ള പദ്ധതിയാണിത്. നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മാണം തുടങ്ങിയെങ്കിലും ആദ്യഘട്ടം മാത്രമാണ് പൂര്‍ത്തിയാക്കാനായത്. അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതോടെ നബാര്‍ഡ് പദ്ധതിയില്‍ നിന്ന് പിന്‍മാറിക്കഴിഞ്ഞു. ജലജീവന്‍മിഷന്‍ വഴി പദ്ധതി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം.

രണ്ടാംഘട്ടത്തില്‍ ശുദ്ധീകരണ പ്ലാന്റും ടാങ്കും സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തി നല്‍കേണ്ടത് ഗുണഭോക്താക്കളായ പഞ്ചായത്തുകളാണ്. ഇതിനായി തുക വകയിരുത്തിയിട്ടും അനുയോജ്യമായ സ്ഥലം ലഭിച്ചില്ല. കിണര്‍ നിര്‍മിച്ച നത്തംകുനിയില്‍ ഒരേക്കര്‍ സ്ഥലം മേപ്പാടി പഞ്ചായത്ത് വാങ്ങിയെങ്കിലും തോട്ടംഭൂമിയെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. പുതിയ സ്ഥലം കണ്ടെത്താന്‍ മൂന്ന് പഞ്ചായത്തുകള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടുമില്ല. 

നിലവില്‍ എല്ലാ പ്രവൃത്തികളും നിലച്ചമട്ടാണ്. ജല അതോറിറ്റി സുല്‍ത്താന്‍ബത്തേരി ഓഫീസിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് പദ്ധതിയുടെ ചുമതല. വിവരങ്ങള്‍ക്കായി ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. അതേസമയം മേപ്പാടി പഞ്ചായത്ത് പദ്ധതി ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ആലോചന യോഗങ്ങള്‍ നടന്നുവരികയാണ്. നബാര്‍ഡിന്റെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ മൂന്ന് പഞ്ചായത്തുകളിലെയും ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കുമായിരുന്നു. ജലജീവന്‍ മിഷന് കീഴിലാണെങ്കില്‍ നിശ്ചിത തുക ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ടിവരും. പണം നല്‍കേണ്ടിവന്നാലും പദ്ധതി പൂര്‍ത്തിയായി ദാഹമകറ്റാന്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ജനങ്ങളുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios