Asianet News MalayalamAsianet News Malayalam

ചങ്ങനാശേരി - ആലപ്പുഴ റൂട്ടിൽ വാട്ടർ ടാക്സി നാളെ മുതല്‍ ഓടിതുടങ്ങും

അനുകൂല സാഹചര്യമാണെങ്കിൽ ആലപ്പുഴ ചങ്ങനാശേരി റൂട്ടിൽ യാത്ര ചെയ്യാൻ രണ്ട് മണിക്കൂറിൽ താഴെ സമയം മതി...

Water taxi on Changanassery-Alappuzha route will start running from tomorrow
Author
Alappuzha, First Published Jul 27, 2021, 2:53 PM IST

ആലപ്പുഴ: ചങ്ങനാശേരി- ആലപ്പുഴ റൂട്ടിൽ വാട്ടർ ടാക്സി സൗകര്യം ഒരുങ്ങുന്നു. റോഡ് പണിക്കായി എ സി റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതോടെ ബദൽ മാർഗമെന്ന നിലയിലാണ് വാട്ടർ ടാക്സി സൗകര്യം ഏർപ്പെടുത്തുന്നത്. നാളെ മുതൽ ചങ്ങനാശേരി - ആലപ്പുഴ ബോട്ട് റൂട്ട് കനാലിൽ വാട്ടർ ടാക്സി ഓടും. ഒരു സമയം 10 യാത്രക്കാർക്ക് ടാക്സിയിൽ സഞ്ചരിക്കാം. രണ്ട് ജീവനക്കാരും ഉണ്ടാകും. മണിക്കൂറിന് 1,500 രൂപയാണ് നിരക്ക്. 750 രൂപയ്ക്ക് അര മണിക്കൂർ യാത്ര ചെയ്യാനും അവസരമുണ്ട്. 

അനുകൂല സാഹചര്യമാണെങ്കിൽ ആലപ്പുഴ ചങ്ങനാശേരി റൂട്ടിൽ യാത്ര ചെയ്യാൻ രണ്ട് മണിക്കൂറിൽ താഴെ സമയം മതി. കഴിഞ്ഞ ദിവസം വൈകിട്ട് ഈ റൂട്ടിൽ ബോട്ട് പരീക്ഷണ ഓട്ടം നടത്തി. രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടർ ടാക്സിയായി കഴിഞ്ഞ വർഷം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത ബോട്ടാണ്  ഈ റൂട്ടില്‍ എത്തുന്നത്. ശിക്കാര വള്ളങ്ങളുടെയും സ്പീഡ് ബോട്ടുകളുടെയും മാതൃകയിലുള്ള ഡീസൽ ഔട്ട് ബോർഡ് എൻജിനിലാണ് പ്രവർത്തനം. 

ലൈറ്റുകൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് സൗരോർജമാണ് പ്രയോജനപ്പെടുത്തുന്നത്. ആലപ്പുഴയ്ക്ക് പുറമേ കണ്ണൂർ പറശിനിക്കടവിലും ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി പ്രവർത്തിക്കുന്നുണ്ട്. ടാക്സി വിളിക്കാനുള്ള ഫോൺ നമ്പറുകൾ ഉടൻ ലഭ്യമാക്കും. ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും എത്താനുള്ള സൗകര്യം കണക്കിലെടുത്ത് ബോട്ട് നെടുമുടിയിൽ നിർത്തിയിടാനാണ് ആലോചിക്കുന്നത്.

ചങ്ങനാശേരിയുടെ ജലടൂറിസം പദ്ധതികൾക്ക് വെല്ലുവിളി ഉയർത്തുന്ന, ഉയരക്കുറവുള്ള കെ സി പാലം വാട്ടർ ടാക്സി സർവീസിനും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. പരീക്ഷണ ഓട്ടത്തിൽ ഈ ഭാഗം കടന്നു കിട്ടാൻ പ്രയാസം അനുഭവപ്പെട്ടിരുന്നതായി ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു. പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ ബോട്ടിന് വേഗം കൂട്ടി സഞ്ചരിക്കാൻ കഴിയില്ലെന്നതാണ് പരീക്ഷണ യാത്രയിൽ നേരിട്ട മറ്റൊരു പ്രശ്നം. 

Follow Us:
Download App:
  • android
  • ios