Asianet News MalayalamAsianet News Malayalam

അളവില്‍ കൃത്രിമം; വയനാട്ടിലെ പെട്രോള്‍ പമ്പിനെതിരെ വീണ്ടും പരാതി, നോസിലുകള്‍ സീല്‍ ചെയ്തു

അഞ്ച് ലിറ്റര്‍ കന്നാസില്‍ പെട്രോള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ ഒന്നില്‍ 26 മില്ലി ലിറ്ററിന്റെയും മറ്റൊന്നില്‍ 30 മില്ലി ലിറ്ററിന്റെയും കുറവ് കണ്ടെത്തി.

wayanad panamaram petrol pump forgery
Author
Wayanad, First Published Sep 28, 2020, 4:07 PM IST

കല്‍പ്പറ്റ: വയനാട്ടിലെ ചില പെട്രോള്‍ പമ്പുകളില്‍ അളവില്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതി മുമ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ അധികൃതര്‍ ഇടപ്പെടുന്നതോടെ പ്രശ്‌നം പരിഹരിക്കും. ഒരിടവേളക്ക് ശേഷം വീണ്ടും അളവില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണമുയര്‍ന്ന പനമരത്തെ പെട്രോള്‍ പമ്പില്‍ ജില്ല ലീഗല്‍ മെട്രോളജി വകുപ്പ് എത്തി പരിശോധന നടത്തി. 

കൃത്രിമം കണ്ടെത്തിയ രണ്ട് നോസിലുകളില്‍ പൂട്ടി സീല്‍ ചെയ്തതോടെ ഉപഭോക്താക്കളുടെ ആരോപണം ശരിയെന്ന് തെളിഞ്ഞു. കൈതക്കലിലെ പമ്പിലാണ് സംഭവം. ഇവിടെ നിന്ന് ആറുവാള്‍ സ്വദേശി കുപ്പിയില്‍ പെട്രോള്‍ വാങ്ങിയിരുന്നു. അളവില്‍ കുറവുള്ളതായ സംശയത്തെ തുടര്‍ന്ന് വീണ്ടും മറ്റൊരു കുപ്പിയില്‍ എണ്ണ വാങ്ങി പരിശോധിച്ചു. തുടര്‍ന്ന് രണ്ട് കുപ്പികളിലും പെട്രോളിന്റെ അളവില്‍ കണ്ട വ്യത്യാസം ഇദ്ദേഹം വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളിലിട്ടു. 

സംഭവം ചര്‍ച്ചയായതോടെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് ഞായറാഴ്ച പരിശോധനക്കെത്തിയത്. അഞ്ച് ലിറ്റര്‍ കന്നാസില്‍ പെട്രോള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ ഒന്നില്‍ 26 മില്ലി ലിറ്ററിന്റെയും മറ്റൊന്നില്‍ 30 മില്ലി ലിറ്ററിന്റെയും കുറവ് കണ്ടെത്തി. 25 മില്ലി ലിറ്റര്‍ വരെ കുറവ് അനുവദനീയമാണ്. 

എന്നാല്‍ 30 വരെ മില്ലി ലിറ്റര്‍ കുറവ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ നടപടിയെടുക്കുകയായിരുന്നു. ജില്ല ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം സംഭവം വിശദമായി അന്വേഷിച്ച് തുടര്‍നടപടികളുണ്ടാകും. ഇന്‍സ്‌പെക്ടര്‍മാരായ പി. ഫിറോസ്, ആര്‍. മഹേഷ് ബാബു, പി.ആര്‍. ഷൈന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Follow Us:
Download App:
  • android
  • ios