Asianet News MalayalamAsianet News Malayalam

പ്രിയ മെംബേഴ്സ്..നിങ്ങളുടെ വോട്ടുകള്‍..; വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ പാനലിലേക്ക് വമ്പന്‍ പോരാട്ടം, ഫലം ഇന്ന്

256 പേരുള്ള വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ പാനലിലേക്ക് 28 പേരാണ് മത്സരിച്ചത്. വാശിയേറിയ പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ 15 പേരാണ് വിജയം നേടി അഡ്മിന്‍ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുക. 

whats app group admin panel election
Author
Kannur, First Published Sep 19, 2021, 11:23 AM IST

കണ്ണൂര്‍: ചിരിക്കുന്ന മുഖങ്ങള്‍ ഉള്ള ഫ്ലക്സ് ബോര്‍ഡുകളില്‍ നിറഞ്ഞ് സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പിനെ ഓര്‍മ്മിപ്പിക്കുന്ന മറ്റ് പല വിധ കാഴ്ചകള്‍... സംഭവം ഇപ്പോ എന്ത് തെരഞ്ഞെടുപ്പ് എന്ന് സംശിയിക്കാന്‍ വരട്ടെ... ഇത് ന്യൂജനറേഷന്‍ പൂക്കോത്തിന്‍റെ സ്വന്തം തെരഞ്ഞെടുപ്പാണ്. പാനൂര്‍ വഴി പെരിങ്ങത്തൂര്‍ പോയാല്‍ വഴിയില്‍ തെരഞ്ഞെടുപ്പെന്ന് തോന്നിപ്പിക്കുന്ന പല കാഴ്ചകളും കണ്ടേക്കും. ആരും അമ്പരക്കേണ്ട, ആശ്ചര്യപ്പെടേണ്ട... 'പൂക്കോം ഓൺലൈൻ വാട്സാപ്പ്‌ കൂട്ടായ്മ' അഡ്മിന്‍ പാനലിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ചൂടും ചൂരമാണ് അതെല്ലാം. 

256 പേരുള്ള വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ പാനലിലേക്ക് 28 പേരാണ് മത്സരിച്ചത്. വാശിയേറിയ പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ 15 പേരാണ് വിജയം നേടി അഡ്മിന്‍ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുക. ഐടി വിദഗ്ധനെ കൊണ്ട് സോഫ്റ്റ്‍വെയര്‍ ഉണ്ടാക്കി ഒരു തട്ടിപ്പും വെട്ടിപ്പും ഇല്ലാത്ത ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

നടപടിക്രമങ്ങള്‍ എല്ലാം നിയന്ത്രിക്കാന്‍ അഞ്ചംഗ സംഘത്തെയും നിയമിച്ചിരുന്നു. 256 അംഗങ്ങളില്‍ 233 പേരാണ് ഓണ്‍ലൈനായി വോട്ട് രേഖപ്പെടുകത്തിയത്. ഇന്ന് രാത്രിയിലാണ് ഫലം പ്രഖ്യാപിക്കുക. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നയാള്‍ 'സൂപ്പര്‍ അഡ്മിന്‍' ആകും. പുതുമുഖങ്ങള്‍ അരങ്ങത്തേക്ക് വരാനായി മത്സരരംഗത്ത് നിന്ന് വിട്ടു നിന്നവര്‍ വരെയുണ്ട് ഈ കൂട്ടായ്മയില്‍.

മൂന്ന് വര്‍ഷം മുമ്പ് രൂപീകരിച്ച പൂക്കോം ഓൺലൈൻ കൂട്ടായ്മ നാടിനെ മാതൃതയേകുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നേരത്തെ തന്നെ സമൂഹ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘ബിരിയാണി ചലഞ്ചി’ലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ സമാഹരിച്ച സംഘം ചികിത്സാ സഹായവും വിവാഹ സഹായവും ഒക്കെയായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios