33 വർഷം മുന്‍പ് തുറന്ന വിക്കറ്റ് ഗേറ്റ് കഴിഞ്ഞ 14 ദിവസമായി അടഞ്ഞുകിടക്കുകയാണ്

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പൂട്ടിയ ടെക്നോ പാർക്കിലെ വിക്കറ്റ് ഗേറ്റ് തുറക്കണമെന്ന ആവശ്യവുമായി ജീവനക്കാർ. ഗേറ്റ് പൂട്ടിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇവിടെയുള്ള ചെറുകിട സ്ഥാപനങ്ങൾ. 

33 വർഷത്തോളമായി ജീവനക്കാർക്ക് അകത്തേക്ക് വരാനും പുറത്തേക്ക് പോകാനും ടെക്നോപാർക്ക് ക്യാമ്പസിൽ ഉപയോഗിക്കുന്നതാണ്, വിക്കറ്റ് ഗേറ്റ് എന്നും സൈഡ് ഗെറ്റ് എന്നും പല പേരുകളിൽ അറിയപ്പെടുന്ന ഒന്നരയടി വീതി മാത്രമുള്ള ചെറിയ ഗേറ്റ്. കഴിഞ്ഞ 14 ദിവസമായി ഈ ഗേറ്റ് അടഞ്ഞുകിടക്കുകയാണ്. ഇതിനു മുൻപ് ഈ ഗേറ്റ് സുരക്ഷാകാരണങ്ങൾ പറഞ്ഞു എന്നെന്നേക്കുമായി അടച്ചിടാൻ അധികൃതർ ശ്രമിച്ചെങ്കിലും വ്യാപക പ്രതിഷേധത്തെ തുടർന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. 

എന്നാൽ കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എന്ന കാരണം ചൂണ്ടിക്കാട്ടി ഗേറ്റ് അധികൃതർ അടക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസിൽ നിന്ന് നിർദേശം ലഭിച്ചാൽ മാത്രമേ ഈ ഗേറ്റ് തുറക്കാൻ കഴിയൂ എന്ന നിലപാടിലാണ് ടെക്നോ പാർക്ക് അധികൃതർ. സംഭവത്തിൽ ടെക്നോ പാർക്കിലെ സാംസ്കാരിക സംഘടനയായ പ്രതിധ്വനി ബന്ധപ്പെട്ടവരെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചെങ്കിലും ഗേറ്റ് തുറക്കാനുള്ള തീരുമാനം ഇതുവരെയുണ്ടായിട്ടില്ല.

സമീപത്തെ താമസ സ്ഥലങ്ങളിൽ പേയിംഗ് ഗസ്റ്റുകൾ ആയി സ്ത്രീകള്‍ ഉൾപ്പെടെ നിരവധി ടെക്നോപാർക്ക് ജീവനക്കാരാണ് താമസിക്കുന്നത്. ഈ ഗേറ്റ് വഴിയാണ് ഇവരെല്ലാവരും ടെക്നോപാർക്കിന് ഉള്ളിലേക്കും പുറത്തേക്കും പോയിരുന്നത്. കഴക്കൂട്ടത്തു നിന്നും കാൽനടയായി ടെക്നോപാർക്കിലേക്ക് എത്താനുള്ള എളുപ്പ മാർഗം കൂടെ ആണ് ഈ സൈഡ് ഗേറ്റ്. ഗേറ്റ് പൂട്ടിയതോടെ കറങ്ങി പോകേണ്ട അവസ്ഥയാണ്. 

'ബസിലടിച്ച് പറഞ്ഞതാ പോവല്ലേ ചെറിയ കുഞ്ഞുങ്ങളാണെന്ന്, പക്ഷേ..': 'സജിമോൻ' പിടിച്ചെടുത്ത് പൊലീസ്

കുറഞ്ഞ നിരക്കിൽ ചായയും പലഹാരങ്ങളും ഭക്ഷണങ്ങളും ലഭിക്കുന്ന നിരവധി ചെറുകിട സ്ഥാപനങ്ങളും വരുമാനത്തിനായി വീട്ടമ്മമാർ നടത്തുന്ന വീട്ടിലെ ഊണ് വില്പനയും സൈഡ് ഗേറ്റിന് സമീപത്തായി പ്രവർത്തിക്കുന്നുണ്ട്. തുക കുറവായതിനാൽ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണത്തിനായി ഇവിടങ്ങളെയാണ് ആശ്രയിക്കുന്നത്. ഗേറ്റ് പൂട്ടിയതോടെ ഇവിടങ്ങളിലെ വ്യാപാരവും തടസ്സപ്പെട്ടിരിക്കുകയാണ്. 

സംസ്ഥാന പൊലീസിന്റെ എസ് ഐ എസ് എഫ് ഉദ്യോഗസ്ഥരുടെയും ടെക്നോപാർക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷയിലാണ് മുൻപ് ഈ ഗേറ്റ് തുറന്ന് നൽകിയിരുന്നത്. അതിനാൽ തന്നെ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷം മാത്രമാണ് ഇതുവഴി അകത്തേക്ക് പ്രവേശനം ഉണ്ടായിരുന്നത്. എന്നിട്ടും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗേറ്റ് പൂട്ടിയത് ശരിയല്ല എന്ന നിലപാടിലാണ് ജീവനക്കാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം