നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിരവധി വോട്ടർമാർക്ക് വോട്ട് നഷ്ടപ്പെട്ടതായി പരാതി. ചിലരുടെ വോട്ട് പോസ്റ്റൽ വോട്ടായി തെറ്റായി രേഖപ്പെടുത്തിയപ്പോൾ, മറ്റുചിലരുടെ വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് യഥാർത്ഥ വോട്ടർമാർക്ക് ടെൻഡർ വോട്ട് ചെയ്യേണ്ടി വന്നു.
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിരവധി പേർക്ക് വോട്ട് നഷ്ടമായതായി പരാതി. അമ്പലപ്പുഴ മണ്ഡലത്തിലെ കാക്കാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 139-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കാക്കാഴം വെളിമ്പറമ്പ് വീട്ടിൽ ഷാജിമോന്റെ വോട്ടാണ് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതിനാൽ നഷ്ടമായത്.
ക്രമ നമ്പർ 858 ആയ ഷാജിമോൻ രേഖകളുമായി രാവിലെ ബൂത്തിലെത്തിയെങ്കിലും വോട്ടർപട്ടികയിൽ പോസ്റ്റൽ ബാലറ്റായി രേഖപ്പെടുത്തിയതിനാൽ പ്രിസൈഡിങ് ഓഫിസര്‍ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. റിട്ടേണിങ് ഓഫീസറെ ബന്ധപ്പെട്ടപ്പോൾ പോസ്റ്റൽ വോട്ട് ചെയ്തുവെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പ്രിസൈഡിങ് ഓഫിസര്‍ക്ക് രേഖാമൂലം പരാതി നൽകിയാണ് ഈ മത്സ്യത്തൊഴിലാളി മടങ്ങിയത്.
നീർക്കുന്നം തീരദേശ എൽ പി സ്കൂളിലെ 133-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ നിഷാന നാസർ എന്ന യുവതിയുടെ വോട്ട് മറ്റാരോ ചെയ്തു. തുടർന്ന് ഇവർ ചലഞ്ച് വോട്ട് രേഖപ്പെടുത്തി മടങ്ങി. അരൂർ മണ്ഡലത്തിലെ തുറവൂർ വളമംഗലത്ത് 200-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ഇടുതറ വീട്ടിൽ ഹരികൃഷ്ണനും തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതറിഞ്ഞ് വരണാധികാരിക്ക് പരാതി നൽകി. അന്വേഷണത്തിൽ സമാനപേരുകാരനായ ശ്രീകൃഷ്ണവിലാസം വീട്ടിൽ ഹരികൃഷ്ണനാണ് തെറ്റായി വോട്ട് രേഖപ്പെടുത്തിയതെന്ന് കണ്ടെത്തി. ഇതോടെ പരാതിക്കാരനെക്കൊണ്ട് ടെൻഡർ വോട്ട് ചെയ്യിച്ചു. ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ ബിജെപി 39-ാം ബൂത്ത് പ്രസിഡന്റ് എ ജി ഗോപാലകൃഷ്ണന്റെ വോട്ട് മറ്റൊരാൾ ചെയ്തതിനെ തുടർന്ന് അദ്ദേഹവും ടെൻഡർ വോട്ട് രേഖപ്പെടുത്തി.
മണ്ണഞ്ചേരി തമ്പകച്ചുവട് യുപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ചേലക്കാപ്പള്ളി വീട്ടിൽ ഗീതാകുമാരി, ആലപ്പുഴ മണ്ഡലത്തിൽ വൈ എം എം എ സ്കൂളിലെത്തിയ നൂറ, കായംകുളം പുള്ളിക്കണക്ക് എൻ എസ് എസ് കരയോഗത്തിലെ 106-ാം നമ്പർ ബൂത്തിലെത്തിയ ചിത്രാലയം വീട്ടിൽ അനന്തകൃഷ്ണൻ എന്നിവർക്കും സമാനമായ ദുരനുഭവമുണ്ടായി. ഇവരുടെ വോട്ടുകളും നേരത്തെ തന്നെ മറ്റാരോ രേഖപ്പെടുത്തിയതിനെ തുടർന്ന് ഇവർക്കെല്ലാം ടെൻഡർ വോട്ട് ചെയ്യേണ്ടി വന്നു.


