കാടിറങ്ങിയെത്തിയത് ഒരു ഡസനിലധികം കാട്ടാനകള്‍!, വാല്‍പ്പാറയില്‍ സ്കൂള്‍ ഓഫീസ് തകര്‍ത്തു
പച്ചമലൈ എസ്റ്റേറ്റിലെ സ്കൂളിനുനേരെയാണ് കാട്ടാനകൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. സ്കൂളിലെ ഓഫീസിലെ അലമാരകളും മറ്റു വസ്തുക്കളെല്ലാം പൂര്‍ണമായും തകര്‍ത്തു

തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടങ്ങള്‍ സ്കൂള്‍ തകര്‍ത്തു. വാല്‍പ്പാറ പച്ചമലൈ എസ്റ്റേറ്റിലാണ് സംഭവം. പച്ചമലൈ എസ്റ്റേറ്റിലെ സ്കൂളിനുനേരെയാണ് കാട്ടാനകൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. കൂട്ടമായി കാടിറങ്ങിയെത്തിയ കാട്ടാനകള്‍ സ്കൂളിന്‍റെ ഓഫീസ് മുറിയുടെ ചുവര്‍ പൂര്‍ണമായും തകര്‍ക്കുകയായിരുന്നു. ഓഫീസിലെ കംപ്യൂട്ടറുകള്‍, ടിവി, കസേര, മേശ, പാത്രങ്ങള്‍ എന്നിവയും മറ്റു വസ്തുക്കളും കാട്ടാനകള്‍ തകര്‍ത്തു.15 ആനകൾ അടങ്ങുന്ന കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂളിലെ ഓഫീസിലെ അലമാരകളും മറ്റു വസ്തുക്കളെല്ലാം പൂര്‍ണമായും തകര്‍ത്തു.
കുട്ടികളുടെ പുസ്തകങ്ങളും ഓഫീസിലെ മറ്റു ഫയലുകളുമെല്ലാം തന്നെ നശിപ്പിച്ച നിലയിലാണ്. ഓഫീസിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും കാട്ടാനകള്‍ തകര്‍ത്തിട്ടുണ്ട്. സ്കൂളിന്‍റെ ഒരു ഭാഗം കാട്ടാനകള്‍ തകര്‍ത്തതോടെ കുട്ടികളും ഭീതിയിലായിരിക്കുകയാണ്. പ്രദേശത്ത് കാട്ടാനകള്‍ പതിവായി എത്താറുണ്ടെങ്കിലും ഇത്രയധികം കാട്ടാനകള്‍ ഒന്നിച്ച് ഇറങ്ങി ആക്രണം നടത്തുന്നത് വിരളമാണ്. ഇത്തരത്തില്‍ വലിയരീതിയിലുള്ള ആക്രമണത്തിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. എസ്റ്റേറ്റില്‍ ജോലിക്ക് ഉള്‍പ്പെടെ പോകുമ്പോള്‍ കാട്ടാനകളുടെ ആക്രമണം ഉണ്ടാകുമോയെന്ന ഭീതിയിലാണ് തൊഴിലാളികള്‍.