ഇടുക്കി: മൂന്നാര്‍-സൈലന്റുവാലി റോഡില്‍ രാത്രി - പകല്‍ വ്യത്യാസമില്ലാതെ എത്തുന്ന ഒറ്റയാനയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവന് ഭീഷണിയാവുന്നത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ പാതയോരങ്ങളില്‍ നിലയുറപ്പിക്കുന്ന ആന വാഹനങ്ങളുടെ ശബ്ദം കേള്‍ക്കുന്നതോടെ റോഡില്‍ എത്തുകയും ഗതാഗത തടസ്സം സ്യഷ്ടിക്കുകയും ചെയ്യാറുണ്ട്.

സ്‌കൂള്‍ വിട്ടെത്തുന്ന വിദ്യാര്‍ഥികളാകട്ടെ, റോഡില്‍ നിലയുറപ്പിക്കുന്ന കാട്ടാനകളുടെ മുമ്പില്‍ പലപ്പോഴും അകപ്പെടുകയും ചെയ്തിട്ടുണ്ട്. നാലുണിയോടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ആനയുടെ ശല്യംമൂലം വൈകിയാണ് പലപ്പോഴും വീട്ടിലെത്തുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോ കടന്നുപോയി നിമിഷങ്ങള്‍ക്കുള്ളില്‍ കാട്ടാന റോഡില്‍ കയറി പ്രശ്‌നങ്ങള്‍ സ്യഷ്ടിച്ചിരുന്നു. കാടുവിട്ടിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വനപാലകര്‍ ഇവയെ മടക്കിയയക്കാന്‍ ശ്രമിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.