ഇടുക്കി: നാട്ടില്‍ നിന്നു മടങ്ങാന്‍ മനസില്ലാതെ ലോക്ക്ഡൗണ്‍ നാളുകളില്‍ മൂന്നാറിലെ തിരക്കൊഴിഞ്ഞ നഗരവീഥിയില്‍ കൂളായി വിലസി കാട്ടുകൊമ്പന്‍ പടയപ്പ. .പടയപ്പയെന്ന നാട്ടുകാരുടെ ഇഷ്ടവിളിയില്‍ അറിയപ്പെടുന്ന കാട്ടുകൊമ്പന്‍ ഇപ്പോള്‍ വളരെ റിലാക്സ് മൂഡിലാണുള്ളത്. ആളും തിരക്കുമൊഴിഞ്ഞ മൂന്നാറിലെ വീഥികള്‍ കൈയ്യടക്കി ലോക്ക്ഡൗണ്‍ അങ്ങനെ ആനന്ദകരമാക്കുകയാണ് പടയപ്പ. കഴിഞ്ഞ രണ്ടാഴ്ചയായി മൂന്നാര്‍ ടൗണിലും സമീപപ്രദേശങ്ങളിലും നഗരവീഥികളില്‍ ഈ കൊമ്പന്‍റെ വിഹാരവേദിയാണ്. 

വൈകിട്ട് അറുമണിയോടെ നല്ലതണ്ണി ഹോളിക്രോസ് ജംഗ്ക്ഷന്‍, അന്തോണിയാര്‍ കോളനി എന്നിവടങ്ങളില്‍ പമ്മി നിന്ന് സന്ധ്യ മയങ്ങുന്നതോടെ മൂന്നാര്‍ ടൗണിലെ പ്രധാന പാതയിലെത്തും. കടകളിലും സ്ഥാപനങ്ങളിലും രാത്രി കാവലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ടൗണിലുണ്ടായിരുന്നവരും ഒപ്പം കൂടിയിട്ടും വളരെ സ്റ്റൈലായിരുന്നു നടത്തം. ആളുകള്‍ ബഹളമുണ്ടാക്കിയിട്ടും ഗജരാജന്‍ വളരെ കൂള്‍ മൂഡില്‍ തന്നെയായിരുന്നു. അടുത്തിടെയായി കാടിറങ്ങുന്ന കൊമ്പന്‍ പടയപ്പയാണെങ്കില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന കാഴ്ചയാണ് മൂന്നാറില്‍ കാണാന്‍ കഴിയുന്നത്. പടയപ്പയുടെ ശാന്തസ്വഭാവം തന്നെയാണ് അതിനു കാരണം. 

നിരവധി പേര്‍ മൊബൈലില്‍ ചിത്രം പകര്‍ത്തി ചുറ്റും കൂടിയതോടെ അധികം നേരം ചിലവഴിക്കാന്‍ പടയപ്പ മിനക്കെട്ടില്ല. നല്ലതണ്ണി ജംങ്ഷനിലുള്ള മലയിറങ്ങി നാട്ടിലെത്തിയ പടയപ്പ എം.ജി റോഡിലേക്ക് പ്രവേശിക്കുവാന്‍ തയ്യാറായെങ്കില്‍ അവിടെയുള്ള വീടുകളിലുള്ളവര്‍ പുറത്തിറങ്ങിയതോടെ ആ വഴിയിലൂടെയുള്ള നടത്തം വേണ്ടെന്നു വച്ചു. നാട്ടുകാരില്‍ ചിലര്‍ പടക്കം കൂടി പൊട്ടിച്ചതോടെ അധികം നില്‍ക്കാന്‍ തയ്യാറായില്ല. പിന്നീട് ശാന്തനായി പ്രധാന പാതയിലൂടെ സഞ്ചരിച്ച് എത്തിയത് വനം വകുപ്പിന്റെ ഓഫീസിന് മുന്നിലേക്ക് എത്തി പണ്ടെങ്ങോ നഷ്ടപ്പെട്ട പൂര്‍വ്വീകരുടെ വാസസ്ഥലങ്ങല്‍ വീണ്ടെടുത്ത മട്ടില്‍ അവിടെ നിലയുറപ്പിച്ചു.  നാടിന്റെ തിരക്കൊഴിഞ്ഞ് നാട്ടുകാര്‍ ആലസ്യത്തോടെ വീട്ടില്‍ മയങ്ങുമ്പോള്‍ ഉണര്‍വ്വോടെയെത്തി നഗരവീഥികള്‍ കൈയ്യടക്കുന്ന പടയപ്പ ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ ആസ്വദിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.