കാട്ടാനക്കൂട്ടം ഇടുക്കിയിലെ എസ്റ്റേറ്റ് മേഖലകളില്‍ ഇറങ്ങി ആക്രമണങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ആരെയും ഉപദ്രവിക്കാതെ ഭക്ഷണസാധനങ്ങള്‍ മാത്രം കണ്ടെത്തി കഴിച്ച് നാട് ചുറ്റുകയാണ് പടയപ്പ. 

ഇടുക്കി: മൂന്നാറുകാരുടെ പടയപ്പ കാടിറങ്ങി നാട്ടിലെത്തിയിട്ട് ഒരു വര്‍ഷം. മൂന്നാര്‍ ടൗണില്‍ നിത്യ സന്ദര്‍ശകനായി മാറിയിരിക്കുകയാണ് ഈ ഒറ്റക്കൊമ്പന്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് ആളും ആരവുമില്ലാത്ത മൂന്നാര്‍ മൂന്നാര്‍ ടൗണിലേക്ക് പടയപ്പ എത്തിയത്. ഒരു വര്‍ഷമായി മൂന്നാര്‍ പരിസരത്ത് ചുറ്റി നടക്കുകയാണ് ഈ കൊമ്പന്‍.

കാട്ടാനക്കൂട്ടം ഇടുക്കിയിലെ എസ്റ്റേറ്റ് മേഖലകളില്‍ ഇറങ്ങി ആക്രമണങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ആരെയും ഉപദ്രവിക്കാതെ ഭക്ഷണസാധനങ്ങള്‍ മാത്രം കണ്ടെത്തി കഴിച്ച് നാട് ചുറ്റുകയാണ് പടയപ്പ. മൂന്നാര്‍- ഉടുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതകളിലാണ് ആദ്യകാലങ്ങളില്‍ പടയപ്പയെന്ന് വിളിപ്പേരുള്ള ഒറ്റയാനയെ പലരും കണ്ടെത്തിയത്. സൂചിപോലെ കുര്‍ത്തുനില്‍ക്കുന്ന കൊമ്പുളും ഒത്തപൊക്കവുമുള്ള ആനയെ കണ്ടതോടെ അന്ന് രാജമല സന്ദര്‍ശനത്തിനെത്തിയവര്‍ ചിതറിയോടി.

എന്നാല്‍ ആള്‍ക്കൂട്ടം കണ്ടും വലിയ പ്രശ്നം സൃഷ്ടിക്കാതെ പടയപ്പ ഇപ്പോള്‍ നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനാണ്. തോട്ടം തൊഴിലാളികളാണ് ഒറ്റക്കൊമ്പന് പടയപ്പ എന്ന പേരിട്ടത്. രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലും സമീപത്തും എത്തുന്ന ഇവനിപ്പോള്‍ നാട്ടുകാര്‍ക്ക് ചിരപരിചിതനാണ്. എസ്റ്റേറ്റ് റോഡുകളില്‍ പ്രത്യക്ഷപ്പെടുന്ന ആന വാഹനങ്ങളെയും ആക്രമിക്കാറില്ല.