Asianet News MalayalamAsianet News Malayalam

വിവാഹ ജീവിതം പരാജയമായിട്ടും വിവാഹമോചനത്തിന് പങ്കാളി അനുവദിക്കാത്തത് ക്രൂരതയെന്ന് കോടതി

ഒരു വീട്ടില്‍ ഒരുമിച്ച് താമസിച്ചിട്ടും ദമ്പതികള്‍ക്ക് ഒരുമിച്ച് പോകാനാവാത്ത നിലയില്‍ കക്ഷികള്‍ കോടതിയെ ആണ് പരീക്ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഈഗോയുടെ പോരാട്ട ഇടമായി കോടതിയെ മാറ്റുന്നത് ശരിയായ രീതിയല്ലെന്നും കോടതി

Withholding mutual consent for Divorce in failed marriage can considered as cruelty says Kerala High Court etj
Author
First Published Sep 29, 2023, 11:14 AM IST

കൊച്ചി: വിവാഹ ബന്ധം പരാജയമായിട്ടും വിവാഹമോചനത്തിന് സമ്മതിക്കാത്തത് ക്രൂരതയെന്ന് കേരള ഹൈക്കോടതി. ഇരിങ്ങാലക്കുട കുടുംബ കോടതി വിവാഹ മോചന ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച തൃശൂര്‍ സ്വദേശിയുടെ അപ്പീല്‍ സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.

വിവാഹ ബന്ധം പരാജയമാണെന്ന് വ്യക്തമായിട്ടും വിവാഹ മോചനത്തിന് സമ്മതിക്കാത്തത് ക്രൂരതയാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. മാന്യമായി പിരിയാനുള്ള മാര്‍ഗമാണ് ഇരു ഭാഗത്ത് നിന്നുള്ളവരുടെ സംയുക്തമായ വിവാഹമോചനം എന്നും കോടതി നിരീക്ഷിച്ചു. 2002ല്‍ വിവാഹിതനായ തൃശൂര്‍ സ്വദേശിയാണ് പരാതിക്കാരന്‍. ഭാര്യയ്ക്ക് പണത്തില്‍ മാത്രമാണെന്നും വീട് പണിയാന്‍ വിദേശത്ത് ജോലി ചെയ്തിരുന്ന കാലത്ത് അയച്ച് നല്‍കിയ പണം പോലും പാഴാക്കിയെന്നും ഒരു വീട്ടില്‍ കഴിയുകയാണെങ്കിലും തന്നോട് നിസംഗ മനോഭാവമാണ് കാണിക്കുന്നതെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.

2011ലാണ് പരാതിക്കാരന്‍ വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്. ഇപ്പോള്‍ പ്രായം 60 കടന്ന പരാതിക്കാരന്‍ കേസിന് പിന്നാലെ പത്ത് വര്‍ഷം ചെലവിട്ടതായും കോടതി ചൂണ്ടിക്കാണിച്ചു. വിവാഹ മോചനത്തിന് നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയും 10 സെന്റ് സ്ഥലവും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ ഭാര്യ മറ്റ് ആവശ്യങ്ങള്‍ വിവാഹ മോചനത്തിന് ഉപാധിയായി വയ്ക്കുകയായിരുന്നു. ഒരു വീട്ടില്‍ ഒരുമിച്ച് താമസിച്ചിട്ടും ദമ്പതികള്‍ക്ക് ഒരുമിച്ച് പോകാനാവാത്ത നിലയില്‍ കക്ഷികള്‍ കോടതിയെ ആണ് പരീക്ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഈഗോയുടെ പോരാട്ട ഇടമായി കോടതിയെ മാറ്റുന്നത് ശരിയായ രീതിയല്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹ ജീവിതം മുന്നോട്ട് പോകാനുള്ള കാരണങ്ങളൊന്നും കേസില്‍ ഇല്ലെന്ന നിരീക്ഷണത്തോടെ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. ഹര്‍ജിക്കാരന്‍ ഭാര്യയ്ക്ക് ജീവനാംശം എന്ന നിലയ്ക്ക് 10 ലക്ഷം രൂപയും 10 സെന്റ് ഭൂമിയും നല്‍കണമെന്ന് കോടതി വ്യക്തമാക്കി. നിരന്തരം കലഹിക്കുന്നതും പരസ്പര ബഹുമാനമില്ലാത്തതും അകല്‍ച്ച കാണിക്കുന്നതും അനുരഞ്ജന സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന കാര്യങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios