ഇടുക്കി: യുവാവിനെ അടുപ്പം നടിച്ച് കെണിയിലാക്കി മൂന്നാറിലെത്തിച്ച് യുവതി പണം തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ നാലു പേരെ പൊലീസ് പിടികൂടി. ഇടുക്കി. യുവാവിനെ വശീകരിച്ച് മൂന്നാറിലെത്തിച്ച് പണം തട്ടിയെടുത്തതായി പരാതി. എറണാകുളം സ്വദേശിയായ യുവാവാണ് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്. എറണാകുളത്തു തന്നെയുള്ള യുവതിയാണ് യുവാവിനെ പ്രലോഭിച്ച് മൂന്നാറിലെത്തിച്ചത്. 

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച മൂന്നാര്‍ പോലീസ് മൂന്നു പേരെ പിടികൂടിയിട്ടുണ്ട്. ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു വരുന്ന സൈമണ്‍ (20) നിബിന്‍ (18) സുബിന്‍ (20) അബിന്‍ (19) എന്നിവരെയാണ് പിടികൂടിയിട്ടുള്ളത്. കഴിഞ്ഞ മെയ് 28 നാണ് യുവതി യുവാവിനെയും കൂട്ടി മൂന്നാറിലെത്തിയത്. മൂന്നാര്‍ കോളനിയിലെ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും ചെയ്തു. മുറിയില്‍ കടന്ന് അല്പം സമയത്തിനകം തന്നെ യുവതിയോടൊപ്പം എത്തിയിരുന്ന എറണാകുളം സ്വദേശികളായ രണ്ടു പേര്‍ മുറിയിലെത്തി കതകടച്ച് യുവാവിനെ ബലമായി കീഴ്‌പ്പെടുത്തുകയും കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണ്ണമാല തട്ടിയെടുക്കുകയും ചെയ്തു. 

യുവാവിന്റെ പക്കലുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുത്ത് അതിലുണ്ടായിരുന്ന ഇരുപതിനായിരം രൂപ യുവതിയും സംഘവും പിന്‍വലിക്കുകയും ചെയ്തു. മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിച്ചിരുന്ന യുവാക്കളുടെ ഒത്താശയോടെയാണ് പണവും ആഭരണങ്ങളും തട്ടിയെടുത്തത്. സംഭവം നടക്കുമ്പോള്‍ ഒന്നുമറിയാത്ത ഭാവത്തിലും ഭയം നടിച്ചും നിന്ന യുവതിയെക്കുറിച്ച് പരാതിക്കാരന് സംശയം തോന്നിയിരുന്നില്ല. പിന്നീട് യുവതിയുടെ സ്വഭാവത്തില്‍ പന്തികേട് കണ്ട യുവാവ് മൂന്നാറിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

മൂന്നാറിലുള്ളവരുമായി യുവതി ഇടപഴകിയ രീതിയും യുവാവിന് സംശയം ജനിപ്പിച്ചിരുന്നു. വളരെ തന്ത്രപൂര്‍വ്വം ഒരുക്കിയ കെണിയാണെന്ന് മനസ്സിലാക്കിയ യുവാവ് പരാതി നല്‍കുവാന്‍ മടിച്ചില്ല. പിടികൂടിയ പ്രതികളെ ദേവികുളത്തെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി തിരികെ വാങ്ങി. പണം തട്ടിയെടുക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘങ്ങളാണോ സംഭവത്തിനു പിന്നിലുള്ളതെന്ന് പൊലീസ് സംശയിക്കുന്നു. യുവതി സംഘത്തിന്റെ ഭാഗമാണോ അതോ കെണിയായി ഉപയോഗിക്കുകയായിരുന്നോ എന്നും സംശയിക്കുന്നുണ്ട്.

 ഇത്തരത്തില്‍ മുമ്പും സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും യുവതിയുടെ പെരുമാറ്റത്തില്‍ നിന്നും അത് മനസ്സിലായതായും പരാതിക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സാമ്പത്തിക ശേഷിയുള്ള യുവാക്കളെയാണ് യുവതി വശീകരിച്ചിരുന്നതെന്നും മൂന്നാറിലെത്തിയ ശേഷം നിരവധി യുവാക്കളുടെ പണം നഷ്ടപ്പെട്ടിട്ടുള്ളതായും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാനക്കേട് ഭയന്ന് ഇക്കാര്യം ചൂഷണത്തിനിരയായ യുവാക്കള്‍ പുറത്തു പറയാതിരിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. യുവതിയെയും സഹായികളായി എത്തിയ ഉമേഷ്, നിഖില്‍ എന്നിവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്