ആലപ്പുഴ: വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പിൽ നിന്നും തീ ആളിപടർന്ന് പൊള്ളലേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ. ആര്യാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ കുറ്റിച്ചിറ വീട്ടിൽ ജലഗതാഗത വകുപ്പ് ജീവനക്കാരൻ ബിജുവിന്റെ ഭാര്യ സജിത (38) ആണ് ചികിത്സയിലുള്ളത്. 65 ശതമാനത്തോളം പൊള്ളലാണേറ്റത്. 

ഇന്ന് രാവിലെ എട്ടോടെയായിരുന്നു സംഭവം നടന്നത്. വെള്ളം ചൂടാക്കാനായി വീട്ടിന് സമീപത്തെ അടുപ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചപ്പോൾ നൈറ്റിയിലേക്ക് തീ പിടിക്കുകയായിരുന്നു. തുടർന്നുള്ള വെപ്രാളത്തിൽ അടുപ്പിൽ നിന്ന് മരകഷ്ണം തെറിച്ചതും പരിഭ്രാന്തി ഉണ്ടാക്കി. ഇതിന് സമീപം വള്ളത്തിന്റെ എൻജിനിൽ ഒഴിക്കുന്നതിനായി വെച്ചിരുന്ന പെട്രോളുമുണ്ടായിരുന്നു. ഇത് തെറിച്ചതും അപകടം കൂട്ടി. 

അപകടം നടന്ന ഉടനെ ഇവർ തന്നെ തീകെടുത്തിയെങ്കിലും ഉടൻ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടനെ വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അപകടവ്യാപ്തിയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു.വിലേക്ക് മാറ്റി.