പ്രളയ ദുരിതബാധിതർക്ക് വീട് വെയ്ക്കാൻ ചന്ദ്രമതി കൈമാറിയത് 12 സെന്‍റ്, സ്ഥലം കാടുകയറി നശിക്കുന്നു
ഈ ഭൂമിയെ ലൈഫ് ഭാവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ഇല്ലാത്തവർക്ക് വീട് നിർമിച്ച നൽകണം എന്നാവശ്യപ്പെട്ട് റവന്യു വകുപ്പിനെ പലതവണ സമീപിച്ചുവെന്ന് വാർഡ് മെമ്പർ
തൃശൂർ: 2018ലെ ഉരുൾപ്പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് വീട് വയ്ക്കാൻ സർക്കാരിന് നൽകിയ ഭൂമി കാടുപിടിച്ചു. തൃശൂർ ദേശമംഗലത്തെ ടൈപ്പ്റൈറ്റിംഗ് അധ്യാപിക ചന്ദ്രമതി നൽകിയ 12 സെന്റ് സ്ഥലമാണ് അധികൃതരുടെ അനാസ്ഥയിൽ ഉപയോഗശൂന്യമായത്.
പ്രളയകാലത്ത് ഉരുൾപ്പൊട്ടലിൽ വീട് നഷ്ടമായവർക്ക് വീട് വയ്ക്കാനായി ചന്ദ്രമതി നൽകിയ 12 സെന്റ് സ്ഥലമാണ് കാടുമൂടി കിടക്കുന്നത്. ദേശമംഗം പഞ്ചായത്തിൽ 2018 ആഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിൽ 35 കുടുംബങ്ങളാണ് എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലായത്. അവർക്കൊരു താങ്ങാവുമെന്ന് കരുതിയാണ് ദേശമംഗലത്തെ ടൈപ്പ്റൈറ്റിംഗ് അധ്യാപികയായ ചന്ദ്രമതി പുരയിടത്തോട് ചേർന്നുള്ള 12 സെന്റ് സ്ഥലം സർക്കാരിന് നല്കാൻ തയ്യാറായത്. എന്നാൽ, ആറ് വര്ഷം കഴിഞ്ഞിട്ടും ഇവിടെ ഒരു വീട് പോലും നിർമിച്ച് നൽകിയില്ലെന്ന് മാത്രമല്ല, സ്ഥലം കാടുമൂടി പന്നിയും പാമ്പുമടക്കമുള്ളവയുടെ ആവാസകേന്ദ്രമായി മാറുകയും ചെയ്തു.
ഈ ഭൂമിയെ ലൈഫ് ഭാവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ഇല്ലാത്തവർക്ക് വീട് നിർമിച്ച നൽകണം എന്നാവശ്യപ്പെട്ട് റവന്യു വകുപ്പിനെ പലതവണ സമീപിച്ചുവെന്ന് വാർഡ് മെമ്പർ പറഞ്ഞു. സ്വന്തം ഭൂമി കൈമാറിയപ്പോൾ അത് വീടില്ലാത്തവർക്ക് തണലാകുമെന്ന് കരുതിയ ചന്ദ്രമതി ഇന്ന് കാടുപുതച്ച ആ മണ്ണ് നോക്കി നിസ്സഹായയായി നിൽക്കുകയാണ്.