തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം. സംഭവശേഷം കടന്ന മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞുമടങ്ങുകയായിരുന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് എത്തിയ യുവാക്കള്‍ കല്ലുവേട്ടാന്‍കുഴി ക്രൈസ്റ്റ് കോളേജിന് സമീപം വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. 

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തുന്നതുകണ്ട് യുവാക്കള്‍ രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ്  പരിക്കേറ്റ പൊലീസുകാരിയെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആക്രമണത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ ലഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്തുചോദ്യം ചെയ്തു വരികയാണ്.