പാലത്തിന് ഇരുവശവും റോഡിലുള്ള ഹംബ് മാർക്ക് ചെയ്യാത്തതിനാലാണ് അപകടം തുടരെ ഉണ്ടാകുന്നതെന്നുള്ള പരാതി നാട്ടുകാര്‍ നിരന്തരമായി ഉന്നയിക്കുന്നുണ്ട്
ഹരിപ്പാട്: ബൈക്കിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. ചെങ്ങന്നൂർ കാരയ്ക്കാട് തട്ടയ്ക്കാട് വടക്കതിൽ നാരായണന്റെ ഭാര്യ ഓമന (50)യാണ് മരിച്ചത്. ബന്ധുവിന്റെ ചിതാഭസ്മം തൃക്കുന്നപ്പുഴയിൽ നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി മകനോടൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം.
കാർത്തികപ്പള്ളി മഹാദേവികാട് തോട്ടുകടവ് പാലത്തിന് സമീപം റോഡിലെ ഹംബിൽ കയറിയ ബൈക്കിന്റെ പിന്നിൽ നിന്ന് തെറിച്ചുവീണ ഓമന റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികളുടെ സഹായത്തോടെ ഹരിപ്പാട് ആശുപത്രിലെത്തിച്ചുവെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പാലത്തിന് ഇരുവശവും റോഡിലുള്ള ഹംബ് മാർക്ക് ചെയ്യാത്തതിനാലാണ് അപകടം തുടരെ ഉണ്ടാകുന്നതെന്നുള്ള പരാതി നാട്ടുകാര്‍ നിരന്തരമായി ഉന്നയിക്കുന്നുണ്ട്.
വളരെ അടുത്തെത്തിയാൽ മാത്രമേ ഹംബ് കാണാൻ സാധിക്കുകയുള്ളൂ. ഇതോടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ ഹംബിനടുത്തെത്തുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും അപകടത്തിന് കാരണമാകുന്നതായും നാട്ടുകാര്‍ പറയുന്നു.
