Asianet News MalayalamAsianet News Malayalam

കാറിനുള്ളില്‍ യുവതി പ്രസവിച്ചു ; രക്ഷകരായി '108 ആംബുലൻസ്' ജീവനക്കാര്‍

കാർ അരകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും നിമിഷയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയായി. തുടർന്ന് കാറിനുള്ളിൽ വെച്ച് തന്നെ യുവതിയുടെ പ്രസവം എടുക്കുകയായിരുന്നു. 

women give birth to child in car 108 ambulance turns life saver
Author
Thiruvananthapuram, First Published Dec 24, 2019, 8:12 AM IST

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ റോഡരുകില്‍ കാറിനുള്ളിൽ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലൻസ്. നെടുമങ്ങാട് പരുത്തികുഴി കുന്നുംപുറത്ത് വീട്ടിൽ ശ്രീജിത്തിന്റെ ഭാര്യ നിമിഷ(24)യാണ് കാറിനുള്ളിൽ പെണ്‍കുഞ്ഞിന്‌ ജന്മം നൽകിയത്. 

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. നിമിഷയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കാറിൽ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയിൽ 108 ആംബുലൻസിന്റെ സേവനവും ഇവർ തേടിയിരുന്നു. എന്നാൽ കാർ അരകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും നിമിഷയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയായി. 

ഇതിനിടയിലാണ് കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച സന്ദേശമനുസരിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ 108 ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പ്രതീഷ് ടി എസ്സിന്റെ പരിശോധനയിൽ നിമിഷയെ കാറിൽ നിന്ന് ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് കാറിനുള്ളിൽ വെച്ച് തന്നെ പ്രതീഷ് നിമിഷയുടെ പ്രസവം എടുക്കുകയായിരുന്നു. പ്രഥമശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റിയ അമ്മയെയും കുഞ്ഞിനെയും ആംബുലൻസ് പൈലറ്റ് അഭിലാഷ് കെ നായർ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios