തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സേവനങ്ങളിലുള്ളവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വ്യക്തമാക്കി തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ പി ബിനു. കഴിഞ്ഞ ദിവസം മരിച്ച മലയിന്‍കീഴ് സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാന്‍ മുന്നോട്ട് വന്ന വനിതാ ഇന്‍സ്പെക്ടര്‍ ഷൈനി പ്രസാദിനേക്കുറിച്ചാണ് ഐ പി ബിനുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

മൃതദേഹം മറവു ചെയ്യാനുള്ള ദൗത്യം ഏറ്റെടുക്കുക എല്ലായ്പ്പോഴും പുരുഷന്മാരാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഷൈനി പ്രസാദിന്‍റെ നേതൃത്വത്തിലാണ് മലയിൻകീഴ് സ്വദേശിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് വാങ്ങി മതാചാരപ്രകാരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തിയത്. ഭയമല്ല ജാഗ്രതയാണ് കൊവിഡ് പ്രതിരോധത്തിന്റെ അടിസ്ഥാനമെന്ന സന്ദേശം നാടിന് നൽകാൻ ഷൈനിയുടെ ധീര നപടി സഹായിക്കുമെന്നാണ് നഗരസഭ നിരീക്ഷിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കാനെത്തുമ്പോള്‍ അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ഈ പ്രവര്‍ത്തനം കാണണമെന്ന് ആവശ്യത്തോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ പി ബിനുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മൃതശരീരം ഏറ്റുവാങ്ങി സംസ്കരിച്ച വനിതാ ജൂനിയിൽ ഹെൽത്ത് ഇൻസ്പെക്ടറിന് അഭിവാദ്യങ്ങൾ..

ശരിക്കും ഇന്നലെ എന്റെ കണ്ണുകൾ നിറഞ്ഞു. കോവിഡ് കാലത്തെ പ്രതിസന്ധികൾ അതിജീവിക്കാൻ നാടെങ്ങുമുള്ള എല്ലാവരും കഷ്ടാപ്പാടുകൾ സഹിക്കുന്നുണ്ട്. അത്തരം കഷ്ടപ്പാടുകൾ പരിഹരിക്കാനാണ് സർക്കാർ സംവിധാനങ്ങളെല്ലാം അക്ഷീണം പ്രവർത്തിക്കുന്നത്.എന്നാൽ മരിച്ചവരുടെ സംസ്കാരം അത് എപ്പോഴും സങ്കടകരമായ കഴ്ചയാണ്. കഴിഞ്ഞ ദിവസം മലയിൻകീഴ് പഞ്ചായത്തിൽ നിന്ന് മൃതദേഹം മറവുചെയ്യാൻ അവരുടെയും അരോഗ്യ വകുപ്പും അഭ്യർത്ഥിച്ചപ്പോൾതന്നെ തിരുവനന്തപുരം നഗരസഭ അതേറ്റെടുക്കാൻ തയ്യാറായി. എല്ലായിപ്പോഴും ആരോഗ്യ വിഭാഗത്തിലെ പുരുഷന്മാരാണ് മൃതദേഹം മറവു ചെയ്യാനുള്ള ദൗത്യം ഏറ്റെടുക്കുക.ഇന്നലെ അവരൊക്കെ മറ്റ് തിരക്കുകളിൽപ്പെട്ടിരുന്നു. ഞാൻ തയ്യാറാണ് എല്ലാം ചെയ്യാൻ പക്ഷെ ഒറ്റയ്ക്ക് കൂട്ടിയാൽ ഒന്നും കൂടില്ലെന്നുറപ്പ്. അങ്ങനെ നിൽക്കുമ്പോഴാണ് ആരോഗ്യ വിഭാഗാത്തിലെ വനിതാ ഇൻസ്പെക്ടർ ഷൈനി പ്രസാദിനെ കാണുന്നത്. ദൗത്യം ഏറ്റെടുക്കാമോ എന്ന എന്റെ ചോദ്യത്തിന് അറ്റൻഷനിൽ നിന്ന് ( ജോലിയുടെ ഭാഗമായ പ്രോട്ടോകോൾ) തയ്യാറാണ് സർ എന്ന് ഷൈനി പ്രസാദ് പറഞ്ഞതു കേട്ടാണ് ശരിക്കും കണ്ണ് നിറഞ്ഞത്. നാട്ടിലെങ്ങും നുണ പ്രചരിപ്പിച്ചും മരിച്ചവരോട് പോലും നെറികെട്ട രാഷ്ട്രീയം കളിച്ചും പുളകം കൊള്ളുന്നവർ ഇതറിയുക ,തിരുവനന്തപുരം നഗരസഭയിലെ ഷൈനി പ്രസാദിന്റെ നേതൃത്വത്തിലാണ് നഗരസഭയുടെ താൽക്കാലിക ജീവനക്കാരായ നിവിൽ ,അനീഷ്, സുരേഷ് ബാബു. ദിലിപ് എന്നിവർ ചേർന്ന് മലയിൻകീഴ് സ്വദേശിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങിയതും മതാചാരപ്രകാരം തൈക്കാട് ശാന്തികവാടത്തിൽ സംകാരം നടത്തിയതും. പ്രിയ സഹോദരി ഷൈനി പ്രസാദ് നാടിനാകെ മാതൃകയാണ്. ഭയമല്ല ജാഗ്രതയാണ് കോവിഡ് പ്രതിരോധത്തിന്റെ അടിസ്ഥാനമെന്ന സന്ദേശം നാടിന് നൽകാൻ ഷൈനിയുടെ ധീര നപടി സഹായിക്കുമെന്നതിൽ തർക്കമില്ല.. ഷൈനിക്കും ഹൈൽത്ത് ടീമിനും ഹൃദയം കൊണ്ട് അഭിവാദ്യം അർപ്പിക്കുന്നു.