ജനിച്ചുവീണ മണ്ണ് വിട്ടുകൊടുത്തിട്ട് എങ്ങും പോകാന്‍ തയ്യാറല്ലെന്നാണ് ഓമനയമ്മയുടെ നിലപാട്. സിൽവർ ലൈൻ അനുകൂല പ്രചാരണവുമായി ആരും എത്തേണ്ടതില്ലെന്ന മുന്നറിയിപ്പുമായി നൂറനാട് പടനിലം പ്രദേശത്തെ വീടുകളില്‍ ഇതിനകം പോസ്റ്ററുകൾ പതിച്ചു കഴിഞ്ഞു
ആലപ്പുഴ: സില്‍വര്‍ ലൈനിന് (Silver Line) വേണ്ടി ന്യായീകരിക്കാന്‍ ആരും തന്‍റെ വീട്ടിലേക്കു വരേണ്ടെന്ന പ്ലക്കാര്‍ഡും പിടിച്ച് 81കാരിയായ വീട്ടമ്മ വീടിന്‍റെ വരാന്തയില്‍ (K Rail Protest). നൂറനാട് പടനിലം പാലമേല്‍ രാജഭവനത്തില്‍ ഓമനയമ്മ (81) ആണ് പ്ലക്കാര്‍ഡും പിടിച്ച് രാവിലെ മുതല്‍ വൈകിട്ടു വരെ വീട്ടിലെ വരാന്തയിലിരിക്കുന്നത്. ജനിച്ചുവീണ മണ്ണ് വിട്ടുകൊടുത്തിട്ട് എങ്ങും പോകാന്‍ തയ്യാറല്ലെന്നാണ് ഓമനയമ്മയുടെ നിലപാട്. സിൽവർ ലൈൻ അനുകൂല പ്രചാരണവുമായി ആരും എത്തേണ്ടതില്ലെന്ന മുന്നറിയിപ്പുമായി നൂറനാട് പടനിലം പ്രദേശത്തെ വീടുകളില്‍ ഇതിനകം പോസ്റ്ററുകൾ പതിച്ചു കഴിഞ്ഞു.
കെ പി റോഡ് മറികടന്ന് നൂറനാട് പടനിലം വഴിയാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്. സില്‍വര്‍ ലൈനെതിരെ പ്രദേശത്ത് പ്രക്ഷോഭം നടന്നിരുന്നു. കഴിഞ്ഞ ദിവസം എം എസ് അരുണ്‍കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സില്‍വര്‍ലൈന്‍ അനുകൂല പ്രചാരണവുമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ പ്രതിഷേധം അറിയിച്ചിരുന്നു.
പിന്നാലെ ബിജെപിയുടെ സില്‍വര്‍ ലൈന്‍ വിരുദ്ധ ജാഥയും തൊട്ടടുത്ത ദിവസം സിപിഎമ്മിന്റെ സില്‍വര്‍ ലൈന്‍ അനുകൂല സമ്മേളനവും പ്രദേശത്ത് നടന്നു. ഇതിന് പിന്നാലെയാണ് അനുകൂല പ്രചാരണവുമായി എത്തുന്നതിനെതിരെ വീടുകളില്‍ പോസ്റ്ററുകള്‍ പതിച്ചത്. അതേസമയം, കെ റെയില്‍ സര്‍വ്വേയുടെ ഭാഗമായി കല്ലിട്ട ഭൂമിക്ക് സഹകരണ സംഘങ്ങള്‍ വായ്പ നിഷേധിക്കാന്‍ പാടില്ലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിര്‍ദേശിച്ചു.
വായ്പ നല്‍കിയാലും ബാങ്കിന് നഷ്ടമുണ്ടാകില്ല. ഭൂമി ഏറ്റെടുത്താൽ ബാങ്കിനുളള ബാധ്യത കൂടി തീർത്ത ശേഷമായിരിക്കും നടപടികൾ. അതിനാൽ വായ്പ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോവുകയാണ്. പാര്‍ട്ടി കോൺഗ്രസിൽ സിൽവർ ലൈൻ ചർച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു. ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞ പദ്ധതിയാണിതെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. പാർട്ടിയുടെ രാഷ്ട്രീയ നയ രൂപീകരണ വേദിയിൽ കെ റെയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. തെക്കും വടക്കും നടന്ന് കല്ല് പറിച്ചത് കൊണ്ട് അത് ഇവിടെ ചർച്ചയാവില്ലെന്നും ഇപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
