മൂന്നാര്‍: ദുരന്തഭൂമിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് കമ്പനി നല്‍കിയത് താമസയോഗ്യമല്ലാത്ത ലായങ്ങളാണെന്ന് ആരോപണം. മൂന്ന് കുടുംബങ്ങളിലെ 12 പേരടങ്ങുന്ന സംഘമാണ് ഒറ്റമുറി വീട്ടിനുള്ളില്‍ താമസിക്കുന്നത്. പെട്ടിമുടിയിൽ താമസിച്ചിരുന്ന ഷൺമുഖയ്യ, ഭാര്യ മഹാലക്ഷ്മി, മക്കളായ ലാവണ്യ, മഹാ​രാജ എന്നിവരും മറ്റൊരു കുടുംബത്തിലെ അം​ഗങ്ങളായ വിജയകുമാർ, രാമലക്ഷ്മി, മക്കൾ മിഥുൻ കുമാർ, രജ്ഞിത്ത് കുമാർ എന്നിവരുമാണ് തങ്ങളുടെ ബന്ധുവായ മുനിസ്വാമിയുടെ വീട്ടിൽ താമസിക്കാനെത്തിയത്. ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ഇവർ പറയുന്നു. മുനിസ്വാമിയുടെ ഭാര്യയും മൂന്നുമക്കളും ഇവിടെ തന്നെയാണ് താമസിക്കുന്നത്.

പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കമ്പനി അധികൃതർ കെട്ടിടം അനുവദിച്ചിട്ടുണ്ടെങ്കിലും ഇവ വള​രെ ശോചനീയമായ അവസ്ഥയിലാണുള്ളതെന്ന് ഇവർ പറയുന്നു. പൊട്ടിപൊളിഞ്ഞുകിടക്കുന്ന കെട്ടിടത്തിന്  ജനാലചില്ലുകള്‍ പോലുമില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തില്‍ ജനാല ചില്ലുകള്‍ക്ക് പകരം പ്ലാസ്റ്റിക്ക് ഷീറ്റുകളാണ് ഉപയോ​ഗിച്ചിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും 
കല്ലുകൾ അടര്‍ന്നു വീഴാറായ കെട്ടിടത്തില്‍ താമസിക്കുന്നത് മറ്റൊരു അപകടത്തിന് വഴിയൊരുക്കുമെന്ന് തൊഴിലാളികൾ ആശങ്ക പ്രകടിപ്പിക്കുന്നു. 

വര്‍ഷങ്ങളായി ഒഴിഞ്ഞുകിടന്ന ഭാഗങ്ങളില്‍ താമസിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതായി പറയുന്ന കമ്പനി പ്രവര്‍ത്തകര്‍ ദുരന്തം നടന്ന് മൂന്നുദിവസം പിന്നിടുമ്പോഴും തങ്ങളെ കാണാൻ എത്തിയിട്ടില്ലെന്ന് തൊഴിലാളികൾ വെളിപ്പെടുത്തുന്നു. തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് മന്ത്രിമാരടക്കം പറയുമ്പോഴും രക്ഷപ്പെട്ടവരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനോ അവരെ പുനരധിവസിപ്പിക്കപ്പെട്ട ലയങ്ങള്‍ നേരിയില്‍ കാണുന്നതിനോ എത്തിയിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു.