Asianet News MalayalamAsianet News Malayalam

ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി ഒറ്റക്കാണ് പലപ്പോഴും കവർച്ച നടത്തിയത്. കവർച്ച നടത്തുന്ന കാശ് കൊണ്ട് സിറ്റിയിലെ ആഡംബര ലോഡ്ജുകളിൽ മുറിയെടുത്ത് സുഹൃത്തുകൾക്കൊപ്പം മയക്കുമരുന്ന് ഉപയോഗിക്കാനും വിലകൂടിയ ഭക്ഷണം കഴിക്കാനുമാണ് സമയം കണ്ടെത്തിയിരുന്നത്.

Young man arrested for attempting to rob a bank
Author
Kozhikode, First Published Jul 21, 2020, 9:38 PM IST

കോഴിക്കോട്: മാങ്കാവ് ഗ്രാമീൺ ബാങ്കിലും കോഴിക്കോട് സിറ്റിയിലെ പരിസരപ്രദേശങ്ങളിലും കടകളിലും ഷോപ്പിംഗ് മാളുകളിലും കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് ഉമ്മളത്തുര് സ്വദേശി സൽമാൻ ഫാരിസാണ് (24) മറ്റൊരു കവർച്ചയ്ക്ക് തയ്യാറെടുക്കുന്നതിന് ഇടയിൽ പിടിയിലായത്. 

കോഴിക്കോട് സിറ്റി സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ ഏ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും പന്തീരാങ്കാവ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഈമാസം 12-ാം തീയതി മാത്തറയിലെ 11ഓളം കടകളിൽ പൂട്ട് തകർത്ത് ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും അപഹരിച്ച കേസിലും ഇയാൾ പ്രതിയാണ്. 

മാത്തറയിലെ സിയാദ് എന്റർപ്രൈസസ് ,ഫാത്തിമാ ബിൽഡിങ്ങിലെ ക്ലാസ്റ്റിക് ഓൺലൈൻ, ജിയോ ടെക് ബിൽഡേഴ്സ്, ജനസേവന പോളിക്ലിനിക്ക്, കെ.പി സറ്റോർ എന്നീ സ്ഥാപനങ്ങളിലടക്കം 11 കടകളിലാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത്  കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ  എസ്. സുജിത്ത് ദാസിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപികരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. 

അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിലെ സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ച നടത്തിയത് ഒരാളണെന്ന് മനസ്സിലായെങ്കിലും കവർച്ച നടത്തിയ ആൾ മാസ്ക്കും കൈ ഉറയും തലയിൽ തുണികൊണ്ട് മറച്ച നിലയിലുമായിരുന്നു കൃത്യം നടത്തിയത്.  പൊലീസിൻ്റെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ ഒരാഴ്ചക്കകം പിടികൂടാൻ സാധിച്ചത്.

നഗരത്തിലെ വിവിധ ലോഡ്ജുകളിൽ മാറി മാറി താമസിച്ച് പകൽ സമയങ്ങളിൽ കറങ്ങി നടന്നും രാത്രികാലങ്ങളിൽ കവർച്ച നടത്തുകയും ചെയ്ത പ്രതിയെ വലയിലാക്കാൻ പൊലീസിന് നന്നേ പണിപ്പെടേണ്ടി വന്നിരുന്നു. മുൻപ് ബൈക്ക് കേസുകളും ലഹരിമരുന്ന് വിൽപന നടത്തിയ കേസുകളും ഇതര സസ്ഥാനക്കാരെ ആക്രമിച്ചു കവർച്ച നടത്തിയ കേസുകളിലും ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി ഒറ്റക്കാണ് പലപ്പോഴും കവർച്ച നടത്തിയത്. കവർച്ച നടത്തുന്ന കാശ് കൊണ്ട് സിറ്റിയിലെ ആഡംബര ലോഡ്ജുകളിൽ മുറിയെടുത്ത് സുഹൃത്തുകൾക്കൊപ്പം മയക്കുമരുന്ന് ഉപയോഗിക്കാനും വിലകൂടിയ ഭക്ഷണം കഴിക്കാനുമാണ് സമയം കണ്ടെത്തിയിരുന്നത്. ഇയാൾ വീട്ടുക്കാരുമായി സമ്പർക്കം പുലർത്താറില്ലെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ശനിയാഴ്ച മാങ്കാവിലെ ഒരു ബാങ്ക് കുത്തി തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വാഹനം എത്തിയതിനാൽ ഇയാൾ ആയുധം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിൻ്റെ സംയോജിത ഇടപെടൽ മൂലം ഒരു വൻ കവർച്ച ശ്രമമാണ് പരാജയപ്പെട്ടത്. ഈ ബാങ്ക് മാനേജരുടെ പരാതി പ്രകാരം കസബ പൊലീസ് കേസ്സെടുത്ത് അന്വേഷണം എകോപിച്ച് വരികയായിരുന്നു. പ്രതിയെ കളവ് മുതൽ വില്‌പന നടത്താൻ സഹായിച്ചവരെയും മയക്കുമരുന്ന് എത്തിക്കുന്നവരെ പറ്റിയും അന്വേഷിച്ചു വരികയാണെന്ന് പന്തീരാങ്കാവ് സി.ഐ. ബൈജു കെ. ജോസ് പറഞ്ഞു.
 
പ്രതിയെ വലയിലാക്കിയ സംഘത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ ഏ.എസ്.ഐമാരായ മനോജ്, അബ്ദുൽറഹ്മാൻ. സീനിയർ സിവിൽ പൊലീസ് ഓഫീസർ രമേശ് ബാബു ,സുജിത്ത് സി.കെ എന്നിവരും പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐ. വിനായകൻ, ഏ.എസ്.ഐ. ഉണ്ണി, സി.പി.ഒ. ജിതിൻ എന്നിവരും ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios