വിൽക്കാൻ പാക്കറ്റിലാക്കി സൂക്ഷിച്ച ഒന്നേ കാൽ കിലോ കഞ്ചാവുമായി യുവാവിനെ നെടുമങ്ങാട് നിന്നും ഡാൻസാഫ് സംഘം പിടികൂടി. ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
തിരുവനന്തപുരം: വിൽക്കാനെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പതിയനാടാണ് സംഭവം. മുല്ലശ്ശേരി പതിയനാട് വീട്ടിൽ അഭിജിത്തിനെ (35) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയ്യിലും കൈവശമുണ്ടായിരുന്ന ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 1.250 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ചെറുപൊതികളിലാക്കിയാണ് ബാഗിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇടപാടുകാർക്ക് വിൽക്കാനായി സൂക്ഷിച്ചതാണിതെന്നാണ് വിവരം. പതിയനാട് ക്ഷേത്രത്തിന് സമീപത്ത് നിൽക്കുകയായിരുന്ന അഭിജിത്തിനെ സംശയം തോന്നിയാണ് പൊലീസ് സംഘം പരിശോധിച്ചത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർകോടിക് സെൽ നെടുമങ്ങാട് ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് നെടുമങ്ങാട് പൊലീസിന് കൈമാറി. പ്രതിക്കെതിരെ കേസെടുത്ത പൊലീസ് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


