തലോർ സ്വദേശി കാട്ടുങ്ങൽ വീട്ടിൽ കെ പി സനിലിനെ (28)ആണ് രക്തം വാർന്ന് പൂങ്കുന്നം എലൈറ്റ് സൂപ്പർ മാർക്കറ്റിനു സമീപം അവശ നിലയിൽ കണ്ടെത്തിയത്.

തൃശൂര്‍: തൃശൂർ നഗരത്തിൽ കൈ ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തലോർ സ്വദേശി കാട്ടുങ്ങൽ വീട്ടിൽ കെ പി സനിലിനെ (28)ആണ് രക്തം വാർന്ന് പൂങ്കുന്നം എലൈറ്റ് സൂപ്പർ മാർക്കറ്റിനു സമീപം അവശ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തൃശൂർ ആക്ടസ് പ്രവർത്തകർ ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, കോഴിക്കോട് ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുംബം ദുരൂഹത ആരോപിച്ച് രംഗത്ത് വന്നു. ആത്മഹത്യ ചെയ്തതിന്‍റെ ലക്ഷണങ്ങളല്ല കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. സംശയാസ്പദമായ ചില മുറിവുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും മരിച്ച അർച്ചനയുടെ അമ്മ സജിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിശദമായ അന്വേഷണം പൊലീസ് നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. അർച്ചനയെ അമ്മൂമ്മയുടെ വീട്ടിലാക്കിയിട്ടാണ് അമ്മ സജിത്ര രാവിലെ ജോലിക്ക് പോയത്. സ്കൂളിൽ പോകാൻ ഒരുങ്ങിയ കുട്ടി പുസ്തകം എടുക്കാനുണ്ടെന്ന് പറഞ്ഞ് അര കിലോമീറ്റർ അപ്പുറത്തുള്ള സ്വന്തം വീട്ടിലേക്ക് പിന്നീട് പോയി.

പണി നടക്കുന്ന വീടിനോട് ചേർന്ന ഷെഡ്ഡിന് തീപിടിച്ചെന്നും തൊഴിലുറപ്പ് തൊഴിലാളികൾ തീ അണച്ചപ്പോൾ അർച്ചനയെ അതിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നുമാണ് പിന്നീട് അമ്മ സജിത്ര അടക്കം ബന്ധുക്കൾ അറിയുന്നത്. സന്തോഷത്തോടെ സ്കൂളിൽ പോകാൻ ഒരുങ്ങിയ കുട്ടിയാണ്. മറ്റ് സങ്കടങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. മരണത്തിലെ ദുരൂഹത ഒഴിയാൻ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികപ്രശ്നങ്ങൾ അതിജീവിയ്ക്കാൻ മാനസികാരോ​ഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)