Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ അടപ്പില്ലാത്ത മാൻഹോളിൽ വീണ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി

ചെടികൾ നനയ്ക്കാനിറങ്ങിയ ആൻ കാൽതെറ്റി മാൻഹോളിലെ മലിനജലത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. നിലവിളി ശബ്ദം കേട്ടെത്തിയ ഭർത്താവ് സോജിയാണ് ആൻമേരിയെ രക്ഷപ്പെടുത്തിയത്.

young woman in kochi fell in a manhole at kochi escaped miraculously
Author
Kochi, First Published Dec 26, 2019, 5:00 PM IST

കൊച്ചി: മറയില്ലാത്ത മാൻഹോളിൽ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കൊച്ചി ചളിക്കവട്ടത്തെ സ്വകാര്യ കെട്ടിടസമുച്ചയത്തിന്‍റെ മാൻഹോളിലാണ് വ്യവസായ സംരംഭകയായ യുവതി വീണത്. പരിക്കേറ്റ കൊച്ചി സ്വദേശി ആൻ മേരി ജോൺസ് കെട്ടിടത്തിന്‍റെ ഉടമയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകി.

യുവ വ്യവസായ സംരംഭകയും ഫാഷൻ ഡിസൈനറുമായ ആൻ മേരി ജോൺസ് ആണ് കഴി‍ഞ്ഞ ദിവസം സ്വകാര്യ കെട്ടിടത്തിലെ മാൻഹോളിൽ വീണത്. ചെടികൾ നനയ്ക്കാനിറങ്ങിയ ആൻ കാൽതെറ്റി മാൻഹോളിലെ മലിനജലത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. നിലവിളി ശബ്ദം കേട്ടെത്തിയ ഭർത്താവ് സോജിയാണ് ആൻമേരിയെ രക്ഷപ്പെടുത്തിയത്. കൈകൾക്കും കാലിനും പരിക്കേറ്റ ആൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഒരു മാൻഹോൾ ദുരന്തത്തിൽ നിന്ന് തന്നെയാണ് ആൻമേരി അദ്ഭുതകരമായി രക്ഷപ്പെട്ടത്. ''ഇൻഡോർ ചെടികളുടെ ഒരു കടയാണ് ഞങ്ങൾ നടത്തുന്നത്. അതുകൊണ്ട് ഈ ചെടികൾ തണലൊരുക്കി പ്രത്യേകം നനയ്‍ക്കേണ്ടതാണ്. അത് വേറെ എവിടേയ്ക്കും വീഴാതിരിക്കാൻ വേണ്ടി, അത് നീക്കി വെയ്ക്കാൻ ഞാൻ നീങ്ങിയത് മാത്രമേ ഓർമയുള്ളൂ. എന്നിട്ട് ഈ മാൻഹോളിനകത്തേക്ക് വീണു. അതിലേക്ക് മുങ്ങിത്താണ് പോയി. എനിക്ക് നീന്തലറിയില്ല. എന്നിട്ടും കൈയും കാലുമിട്ടടിച്ചപ്പോൾ മുകളിലേക്ക് പൊങ്ങി വന്നു. പക്ഷേ വീണ്ടും താണ് പോയി. വീണ്ടും കൈകാലിട്ടടിച്ചപ്പോഴാണ് പൊങ്ങി വന്നത്. അതെന്തോ ഭാഗ്യം കൊണ്ടാണ്. അവിടെയുണ്ടായിരുന്ന ഗ്രില്ലിൽ പിടിച്ച് ഭർത്താവിനെ വിളിച്ചു. അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. ആദ്യമൊന്നും ആരും വിളി കേട്ടില്ല. പിന്നീട് അദ്ദേഹം എന്തോ ശബ്ദം കേട്ട് ഓടി വന്നു. പക്ഷേ ഒറ്റയ്ക്ക് എന്നെ പിടിച്ചു കയറ്റാൻ പറ്റില്ല. അങ്ങനെ നോക്കിയാൽ രണ്ട് പേരും അകത്തേയ്ക്ക് പോകും. അപ്പോ തൊട്ടടുത്ത് ഒരു കഫേ ഉണ്ട്. അവിടത്തെ ആൺകുട്ടികളെ ഓടിപ്പോയി അദ്ദേഹം വിളിച്ചു കൊണ്ടു വന്നു. അങ്ങനെ എല്ലാവരും കൂടി എന്നെ പിടിച്ച് കയറ്റുകയായിരുന്നു'', ആൻ മേരി പറയുന്നു.

പല തവണ പരാതിപ്പെട്ടിട്ടും കെട്ടിട ഉടമ ഈ മാൻഹോൾ അടയ്ക്കാനുള്ള നടപടിയെടുത്തിട്ടില്ലെന്ന് ആൻമേരിയും ഭർത്താവും പറയുന്നു. ''ഈ അപകടമുണ്ടായത് ഈ കെട്ടിടത്തിന്‍റെ ഉടമയും ചുമതലക്കാരും അറിഞ്ഞിട്ടുണ്ട്. ഇത്ര സമയമായിട്ടും ആ മാൻഹോൾ അടയ്ക്കാനുള്ള നടപടി എടുക്കുകയോ, എന്നെ വിളിച്ച് ഒന്ന് അന്വേഷിക്കുകയോ, ചികിത്സ എങ്ങനെയുണ്ട് എന്നോ എന്‍റെ ആരോഗ്യം എങ്ങനെയുണ്ടെന്നോ ഒന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല'', എന്ന് ആൻമേരി. അഞ്ചിലേറെ മാൻഹോളുകൾ കെട്ടിടത്തിന്റെ പിന്നിൽ ഇപ്പോഴും അടയ്ക്കാതെ കിടക്കുന്നുണ്ട്. അങ്കമാലി അതിരൂപതയ്ക്ക് കീഴിലാണ് കെട്ടിടസമുച്ചയമുള്ളത്. അപകടമുണ്ടായത് ശ്രദ്ധയിൽ പെട്ടെന്നും ഉടൻ തന്നെ മാൻഹോളുകൾ അടയ്ക്കാനുള്ള നടപടികളുണ്ടാകുമെന്നും ചുമതലക്കാർ അറിയിച്ചു.

വീഡിയോ കാണാം:

Follow Us:
Download App:
  • android
  • ios