ആരോഗ്യവകുപ്പിലെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ ഫീല്‍ഡ് സ്റ്റാഫിനെയാണ് ശനിയാഴ്ച രാവിലെ ഭവന സന്ദര്‍ശനത്തിന് പോകവെ ആക്രമിച്ചത്...

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വനിതാ ഫീല്‍ഡ് സ്റ്റാഫിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയിലെ ഹബീബി(24)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ആരോഗ്യവകുപ്പിലെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ ഫീല്‍ഡ് സ്റ്റാഫിനെയാണ് ശനിയാഴ്ച രാവിലെ ഭവന സന്ദര്‍ശനത്തിന് പോകവെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന പ്രതി വിഴിഞ്ഞം ആമ്പൽകുളം ഭാഗത്തുവച്ച് ആക്രമിച്ചത്. സംഭവത്തിന് ശേഷം പ്രതി കടന്നുകളയുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും രാത്രിയോടെ പൂവാര്‍ ബസ്സ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. വിഴിഞ്ഞം എസ്ഐ ശ്രീജിത്, സി പി ഒമാരായ കൃഷ്ണകുമാര്‍, അജികുമാര്‍, സുധീര്‍ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.