കളമശേരിയിൽ കഞ്ചാവ് വിൽക്കാൻ ശ്രമിച്ച മഞ്ഞുമ്മൽ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. സംശയം തോന്നി നടത്തിയ പരിശോധനയിൽ യുവാവിൻ്റെ പക്കലുണ്ടായിരുന്ന സ്‌കൂട്ടറിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു.

കൊച്ചി: കളമശേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. എറണാകുളം ഉദ്യോഗമണ്ഡലിലെ മഞ്ഞുമ്മൽ എംഎൽഎ റോഡിന് സമീപം കൂനത്ത് വീട്ടിൽ കെആർ രാഹിൻ (26) ആണ് പിടിയിലായത്. കളമശ്ശേരി,വട്ടേക്കുന്നം,മേക്കേരി ലൈൻ റോഡിന് സമീപത്ത് സ്‌കൂട്ടറുമായി നിന്ന ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പൊലീസിന് കഞ്ചാവ് കിട്ടിയത്. സ്കൂട്ടറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.144 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശ പ്രകാരം നഗരത്തിൽ വ്യാപകമായി ലഹരി പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡാൻസാഫ് ടീമിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ഡിസിപിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ. നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ കെഎ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് കളമശേരിയിൽ നിന്ന് കഞ്ചാവ് വിൽപ്പനക്കാരനായ പ്രതിയെ പിടികൂടിയത്.