കൽപ്പറ്റ: കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ യുവാവ് ബസ്സ് തടഞ്ഞിട്ട് ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി. പരിക്കേറ്റ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി ഷമീര്‍ (41) ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. ബസ്സ് ബൈക്കിനെ ഇടിക്കുന്ന വിധത്തിൽ ഓടിച്ചെന്ന് കാട്ടിയാണ് യുവാവ് പിന്തുടര്‍ന്നെത്തി പരാക്രമം കാണിച്ചതെന്ന് ഡ്രൈവര്‍ പരാതിപ്പെട്ടു.  

രാവിലെ 10.30 ഓടെ നാലാംമൈലില്‍ വെച്ചായിരുന്നു സംഭവം. പ്രശ്നം ഗുരുതരമാകുമെന്നായപ്പോൾ  യുവാവിന്റെ ബന്ധുക്കളെത്തി നടത്തിയ ചര്‍ച്ചയില്‍ ട്രിപ്പ് മുടങ്ങിയതിന് 15000 രൂപയും, കണ്ടക്ടറുടെ ഫോണ്‍ കേടായതിന് 5000 രൂപയും നഷ്ടപരിഹാരം വാങ്ങി പരാതി ഒത്തുതീര്‍പ്പാക്കി. പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസ് എടുത്തിരുന്നില്ല.