തൃശൂര്‍: തൃശ്ശൂരിൽ കോർപ്പറേഷൻ റോഡുകളുടെ ശോച്യവസ്ഥ പരിഹരിക്കാത്തതില്‍ റോഡിലെ  ചെളിയിൽ ഉരുണ്ട്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ  പ്രതിഷേധം. പൈപ്പിടാനായി പള്ളിക്കുളം റോഡിന്റെ ഒരുഭാഗം കുഴിച്ചത് ശരിയാക്കാതെ മഴയത്ത് റോഡ് ചളിക്കുളമായതോടെയാണ്  യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.

രാവിലെ 11 മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പള്ളിക്കുളം റോഡിലെത്തിയത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കാൻ കോർപ്പറേഷൻ തയ്യാറായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. 

ചെളിയില്‍ കിടന്നുരുണ്ട് പ്രതിഷേധിച്ച ശേഷം റോഡിൽ നിന്നും ശേഖരിച്ച ചെളി പിന്നീട് കോർപ്പറേഷന് മുന്നിൽ കൊണ്ട് പോയിട്ട് പ്രതിഷേധിച്ചു. മഴ കനത്തതോടെ നഗരത്തിലെ റോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. നാല് ദിവസത്തിനകം ഇവ നന്നാക്കുമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.