ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പർലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്നത് പുലർച്ചെ ആറിന് പത്രവിതരണത്തിനെത്തിയ ആളാണ് കണ്ടത്. 

കൊച്ചി: പറവൂരിലെ സ്വകാര്യ റിസോർട്ടിന്‍റെ ഗെയ്റ്റിനു മുന്നിലെ റോഡരുകില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ മരിച്ചതറിയാതെ മൃതദേഹത്തിനരികെ മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികൾ കഴിഞ്ഞത് മണിക്കൂറോളം. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിനു മുന്നിലാണ് ദാരുണമായ മരണം നടന്നത്.

കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെ മകൻ ജിതിൻ (29) ആണ് മരിച്ചത്. ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പർലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്നത് പുലർച്ചെ ആറിന് പത്രവിതരണത്തിനെത്തിയ ആളാണ് കണ്ടത്. കുട്ടികൾ രണ്ടും അച്ഛനെ വിളിച്ച് ഏങ്ങി കരയുകയായിരുന്നു. മൂന്ന് മണിക്കൂറോളം കുട്ടികള്‍ അച്ഛന് സമീപത്തിരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിലായിരുന്നു ജിതിനും ഇരട്ടക്കുട്ടികളും താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ജിതിന്‍ മരിച്ച് കിടക്കുന്നത് കണ്ട പത്രവിതരണക്കാരന്‍ ഇവര്‍ താമസിച്ചിരുന്ന കോട്ടേജിലെത്തി കോളിംഗ് ബെല്‍ അടിച്ചെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് പരിസരത്തെ വീടുകളിലും റിസോര്‍ട്ട് ജീവനക്കാരെയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കൈകള്‍ നെഞ്ചില്‍ ചേര്‍ത്തവച്ച രീതിയിലായിരുന്നു ജിതിന്‍റെ മൃതദേഹം കിടന്നിരുന്നത്.

റിസോര്‍ട്ടില്‍ നിന്നും പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കളോടൊപ്പം മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക്‌ ഇറങ്ങിവരുന്നതിന്‍റെ സി.സി. ടി.വി. ദൃശ്യങ്ങളിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്. പുറത്തിറങ്ങവെ ഹൃദയാഘാതം സംവിച്ചതാകാമെന്നാണ് പൊലീസിന്‍‌റെ നിഗമനം. ഒരാഴ്ചയായി ജിതിനും മക്കളും മാൻഗ്രൂവ് റിസോർട്ടില്‍ താമസിക്കുകയായിരുന്നു. റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ക്രിസ്റ്റീന ജോലി സംബന്ധമായി ബെംഗളൂരുവിലായിരുന്നു. ജിതിനും കുടുംബവും റിസോര്‍ട്ടില്‍ താമസിക്കാനായി പലതവണ വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona