ആയിരംകൊല്ലിയിലെ ക്വാറിക്ക് സമീപം നിര്‍ത്തിയിട്ട ഷിജേഷിന്‍റെ കാറില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് കുളത്തില്‍ മൃതദേഹമുണ്ടെന്ന സംശയം ബലപ്പെട്ടത്.

വയനാട്: അമ്പലവയൽ(Ambalavayal) ആയിരംകൊല്ലിയിലെ ക്വാറി കുളത്തിൽ യുവാവിന്‍റെ മൃത ദേഹം(dead body) കണ്ടെത്തി. കമ്പളക്കാട് പച്ചിലക്കാട് സ്വദേശി ഷിജേഷിനെയാണ് ക്വാറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കല്‍ ഷോപ്പില്‍ ജോലിക്കാരനായിരുന്നു ഷിജേഷ്. ഇന്നലെമുതല്‍ ഷിജേഷിനെ കാണാതായിരുന്നു. 

ഇന്നു വൈകിട്ട് നാലുമണിയോടെയാണ് ഒരാള്‍ ക്വാറിക്കുളത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയം നാട്ടുകാര്‍ക്കുണ്ടായത്. ക്വാറിയുടെ സമീപത്ത് കാര്‍ നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആയിരംകൊല്ലിയിലെ ക്വാറിക്ക് സമീപം നിര്‍ത്തിയിട്ട ഷിജേഷിന്‍റെ കാറില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് കുളത്തില്‍ മൃതദേഹമുണ്ടെന്ന സംശയം ബലപ്പെട്ടത്.

Read More: സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്

തുടര്‍ന്ന് ഫയര്‍ഫോഴ്സിലെ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം ഒരുമണിക്കൂര്‍ തെരച്ചില്‍ നടത്തിയാണ് വൈകിട്ട് ആറുമണിയോടെ ഷിജേഷിന്‍റെ മൃതദേഹം കണ്ടെടുത്തത്. കാറില്‍ നിന്നും കണ്ടെത്തിയ 'എന്നെ ആരും അന്വേഷിക്കേണ്ട' എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് ഷിജേഷിന്റെ വീട്ടില്‍നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

Read More: ഇടുക്കിയില്‍ പതിനാലുകാരി പ്രസവിച്ച സംഭവം; ബന്ധുവിനെ അറസ്റ്റ് ചെയ്തു

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)