ആലപ്പുഴ: ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ മാലകവർന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 9.15ന്​ കൊട്ടാരം പാലത്തിന്​ സമീപമായിരുന്നു സംഭവം. നഗരത്തിലെ മാലിന്യശേഖരണകേന്ദ്രത്തിൽ ജോലിചെയ്യുന്ന  ശാന്തമ്മയുടെ രണ്ടര പവൻറെ മാലയാണ്​ അപഹരിച്ചത്​. 

മാലിന്യം ഇടാനാണെന്ന് പറഞ്ഞ് ഇവിടെയെത്തിയ യുവാക്കൾ വീട്ടമ്മയുമായി കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കി. പിന്നീട് തിരിച്ചെത്തിയാണ് മാല പൊട്ടിച്ചെടുത്ത്​ രക്ഷപ്പെട്ടത്. 

ഒരാൾ ബൈക്ക് സ്​റ്റാർട്ടാക്കി നിർത്തിയിരുന്നു. രണ്ടാമൻ അകത്ത് കയറി സംസാരിക്കുന്നതിനിടെ മാലപറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. സൗത്ത് പൊലീസിൽ പരാതി നൽകി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്​ അന്വേഷണം നടത്തുകയാണെന്ന്​ പൊലീസ്​ പറഞ്ഞു.