വീടുകള്‍ തോറും കയറിയിറങ്ങിയാണ് ആക്രി ശേഖരണം നടത്തിയത്. പാടത്തും പറമ്പിലും ഉപേക്ഷിച്ച നിലയിലുള്ള വസ്തുക്കളും പെറുക്കിക്കൂട്ടി.
മലപ്പുറം: അനാഥയായ പെൺകുട്ടിയുടെ മംഗല്യ സ്വപ്നം പൂർത്തീകരിക്കാൻ പിന്തുണയുമായി ഒരു കൂട്ടം ചെറുപ്പക്കാർ. കാളികാവ് അഞ്ചച്ചവിടി എന്‍ എസ് സി ക്ലബ്ബ് പ്രവര്‍ത്തകരാണ് ഈ ഉദ്യമത്തിനു പിന്നില്‍. ആക്രി പെറുക്കി വിൽക്കാൻ തീരുമാനിച്ചാണ് ഇവര്‍ കല്യാണത്തിനുള്ള ചെലവു കണ്ടെത്തുന്നത്. ചടങ്ങില്‍ മാത്രമല്ല മൊഞ്ചിലും ഒരു കുറവും വരുത്താതെ കല്യാണം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണിവര്‍. ഇതിനായി ഇരുപത്തഞ്ചിലേറെ യുവാക്കള്‍ ഒരുദിവസം മുഴുവന്‍ സേവന പാതയില്‍ മാതൃക തീര്‍ത്തു.
വീടുകള്‍ തോറും കയറിയിറങ്ങിയാണ് പാഴ്വസ്തുക്കൾ ശേഖരണം നടത്തിയത്. പാടത്തും പറമ്പിലും ഉപേക്ഷിച്ച നിലയിലുള്ള വസ്തുക്കളും പെറുക്കിക്കൂട്ടി. കൂട്ടത്തില്‍ വീട്ടുകാരില്‍നിന്ന് കഴിയാവുന്ന സാമ്പത്തിക സഹായം ചോദിച്ച് വാങ്ങിക്കുകയും ചെയ്യുന്നുണ്ട്. ശേഖരിച്ച സാധനങ്ങള്‍ അടുത്ത ദിവസം വില്‍ക്കും. ദിവസങ്ങള്‍ മാത്രമാണ് കല്യാണത്തിനുള്ളത്. കൊവിഡ് കാലത്ത് വിവിധ ചലഞ്ചിലൂടെ നാലു പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കിയവരാണ് അഞ്ചച്ചവിടിയിലെ ഈ ക്ലബ്ബ് പ്രവര്‍ത്തകര്‍. പാവപ്പെട്ടവരുടെ വീട് നിര്‍മാണം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ കാര്യങ്ങളും ഇതിനോടകം ഇവർ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്.
