മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ലോട്ടറി ഷോപ്പിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.

തിരുവനന്തപുരം: കാത്തിരിപ്പുകൾക്കും ആകാംഷകൾക്കും ഒടുവിൽ ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറി നറുക്കെടുത്ത് കഴിഞ്ഞു. VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് മണിമുതൽ ആരാണ് ആ ഭാ​ഗ്യവാൻ അല്ലെങ്കിൽ ഭാ​ഗ്യവതി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. 

മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ലോട്ടറി ഷോപ്പിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ഒരാഴ്ച മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയതെന്നാണ് ഏജന്റ് ആദർശ് പറയുന്നത്. എന്നാൽ ഇതാരാണെന്ന് ഓർക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ നാട്ടിലേക്ക് എത്തിയ 12 കോടിയുടെ ഭാ​ഗ്യശാലിയെ കാണാൻ കാത്തിരിക്കുകയാണ് ചെമ്മാട് സ്വദേശികളും. എന്നാൽ നറുക്കെടുപ്പ് കഴിഞ്ഞ് ഒരു ദിവവസത്തോട് അടുക്കുമ്പോഴും ഭാ​ഗ്യശാലി ഇതുവരെ പൊതുവേദിയിൽ എത്തിയിട്ടില്ല.

തിരുവോണം ബമ്പർ വിജയി അനൂപിന്റെ അവസ്ഥകൾ മുന്നിൽ ഉള്ളത് കൊണ്ട് വിഷു ബമ്പർ ഭാ​ഗ്യവാൻ രം​ഗത്തെത്തില്ലെന്നാണ് ചർച്ചകൾ. തിരുവനന്തപുരം സ്വദേശിയായ അനൂപിന് ആയിരുന്നു കഴിഞ്ഞ വർഷത്തെ തിരുവോണം ബമ്പർ ലഭിച്ചത്. ഭാ​ഗ്യ സന്തോഷത്തോടൊപ്പം അനൂപിനെ തേടി എത്തിയതാകട്ടെ മനസ്സമാധാന നഷ്ടം കൂടിയായിരുന്നു. നറുക്കെടുപ്പിന് പിറ്റേ ദിവസം മുതല്‍ വീട്ടില്‍ കയറാന്‍ കഴിയാത്ത സാഹചര്യമായിരുന്നു അനൂപിന്. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം പൊറുതിമുട്ടിയ അനൂപിന്റെ അവസ്ഥ ബിബിസിയിൽ വരെ റിപ്പോർട്ട് ആയി. 

അനൂപിന്റെ ഈ അവസ്ഥയ്ക്ക് ശേഷം വന്ന ബമ്പർ ടിക്കറ്റുകൾ, അതായത് പൂജ, ക്രിസ്മസ് ബമ്പർ(16 കോടി) വിജയികൾ പൊതുവേദിയിൽ വന്നിട്ടില്ല. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ആ ഭാ​ഗ്യശാലി മുൻനിരയിലേക്ക് വരാത്തതെന്ന ചർച്ചകൾ അന്നും നടന്നിരുന്നു. നാളുകൾക്ക് ശേഷം പേരും വിലാസവും രഹസ്യമാക്കാൻ അഭ്യർഥിച്ച് കൊണ്ട് പൂജ ബമ്പർ ഉടമ ടിക്കറ്റ് ഹാജരാക്കിയിരുന്നു. സമ്മര്‍ ബമ്പര്‍ ലഭിച്ചത് ആസാം സ്വദേശിക്കാണ്.

നിങ്ങൾ വിഷു ബമ്പറെടുത്തോ ? ഷെയറിട്ടാണോ ടിക്കറ്റെടുത്തത് ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

എന്തിന് പറയുന്നു എല്ലാ ദിവസവും നടക്കുന്ന ഭാ​ഗ്യക്കുറി നറുക്കെടുപ്പ് വിജയികൾ ആരെന്ന് പുറം ലോകം അറിയുന്നതും ഇപ്പോൾ വളരെയധികം കുറഞ്ഞിട്ടുണ്ട്. പലർക്കും തങ്ങളുടെ വിവരങ്ങൾ പുറത്തുവിടാൻ മടിയും പേടിയും ഒക്കെയാണെന്ന് പറയേണ്ടതില്ലല്ലോ. 

ചെമ്മാട് ബസ്റ്റാന്റിന് അകത്താണ് വിഷു ബമ്പർ ടിക്കറ്റ് വിറ്റ് പോയ ഷോപ്പ് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ വിവിധ കോണുകളിൽ ഉള്ളവർ ഇവിടെ ദിനവും വന്ന് പോകുന്നവരാണ്. അതുകൊണ്ട് തന്നെ ചെമ്മാട് ഉള്ളയാൾക്കാണോ അതോ ജില്ല വിട്ട് ടിക്കറ്റ് പോയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. തനിക്ക് സമ്മാനം ലഭിച്ച വിവരം ഭാ​ഗ്യശാലി അറിഞ്ഞോ എന്നതും സംശയമാണ്. എന്തായാലും അനൂപിന്റെ അവസ്ഥ പാഠമായി 12 കോടിയുടെ ഉടമ കാണാമറയത്ത് ആയിരിക്കുമോ അതോ മറനീക്കി പുറത്തുവരുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 

ഭാ​ഗ്യശാലി കാണാമറയത്ത്; വിഷു ബംപർ അടിച്ചയാളെ കണ്ടെത്തിയില്ല| Vishu bumper winner 2023