എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കേരള ഭാഗ്യക്കുറിയാണ് കാരുണ്യ.
കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ നടൻ ബാലയുടെ ഭാര്യ കോകിലയ്ക്ക് ഭാഗ്യം. 25000 രൂപയുടെ ലോട്ടറിയാണ് കോകിലയ്ക്ക് അടിച്ചത്. ഈ സന്തോഷ വിവരം ബാല തന്നെയാണ് ഏവരെയും അറിയിച്ചതും. അവസാന അക്കമായ 4935 എന്ന നമ്പറിലൂടെയാണ് കോകില ഭാഗ്യശാലി ആയത്. സമ്മാനാർഹമായ സമ്മാനം ബാല തന്നെ കോകിലയ്ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.
'എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം', എന്ന് കുറിച്ച് കൊണ്ടായിരുന്നു ലോട്ടറി അടിച്ച വിവരം ബാല പങ്കുവച്ചത്. ജീവിതത്തിലെ ആദ്യ അനുഭവമാണിതെന്നായിരുന്നു കോകില പറഞ്ഞത്. കാശ് കൈമാറിയ ബാല, ആർക്കെങ്കിലും നല്ലത് ചെയ്യെന്നും കോകിലയോട് പറഞ്ഞു. തലകുലുക്കി കോകില സമ്മതം അറിയിക്കുകയും ചെയ്യുന്നുണ്ട്.
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കേരള ഭാഗ്യക്കുറിയാണ് കാരുണ്യ. ജൂലൈ 5 ശനിയാഴ്ച നറുക്കെടുത്ത KR-713 എന്ന സീരീസിന് ആണ് കോകിലയ്ക്ക് സമ്മാനം അടിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം ഒരുകോടി രൂപയുള്ള കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. KN 195227 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. കൊല്ലത്താണ് ഈ ടിക്കറ്റ് വിറ്റു പോയത്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ് ഭാഗ്യശാലികൾക്ക് ലഭിക്കുക.
2024 ഒക്ടോബറില്‍ ആയിരുന്നു കോകിലയും ബാലയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ബാലയുടെ മുറപ്പെണ്ണാണ് കോകില. അടുത്ത ബന്ധുക്കള്‍ മാത്രം ആയിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. കുട്ടിക്കാലം മുതല്‍ ബാലയോട് ഇഷ്ടമുണ്ടായിരുന്ന ആളായിരുന്നു കോകില. എന്നാല്‍ അത് ബാല അറിഞ്ഞിരുന്നില്ല. ബാലയ്ക്ക് വേണ്ടി ഡയറിയൊക്കെ എഴുതിയിരുന്നുവെന്നും കോകില നേരത്തെ പറഞ്ഞിരുന്നു.

