റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ നിനച്ചിരിക്കാതെ ലോട്ടറിയിലൂടെ കോടിപതി ആയിരിക്കുകയാണ് ബ്രിസ്ബെയ്ൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ഇരുപതുകാരൻ. താൻ എടുത്ത പവർബോൾ ജാക്ക്പോട്ട് അടിച്ചപ്പോൾ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് വിദ്യാർത്ഥി പറയുന്നു. 1,47,06,50,000 ഇന്ത്യൻ രൂപയാണ് ജാക്ക്പോട്ടിലൂടെ ഇരുപതുകാരൻ നേടിയത്. 

ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനായി സസ്പെൻസ് നിലനിർത്താനാണ് തനിക്ക് താത്പര്യമെന്നും അതുകൊണ്ട് തന്നെ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തറിയുന്നതിൽ വിദ്യാർത്ഥിക്ക് താത്പര്യമില്ല. ലോട്ടറി അടിക്കുന്ന ഭാഗ്യവന്മാരെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ അവരിൽ ഒരാളാകാൻ ആ​ഗ്രഹിച്ചിരുന്നുവെന്ന് ഇയാൾ പറയുന്നു. 

"ഭാഗ്യവാൻ, അടുത്ത തവണ ഒരുപക്ഷേ ഞനായിരിക്കും എന്നായിരുന്നു ചിന്തിച്ചത്. എന്നാൽ അത് യഥാർത്ഥത്തിൽ സംഭവിച്ചപ്പോൾ വിശ്വസിക്കാനായില്ല", യുവാവ് പറയുന്നു. ചെറിയ പ്രായത്തിൽ ഇത്രയും സമ്പന്നനായതോടെ എന്താണ് ഭാവി പരിപാടികൾ എന്ന ചോദ്യത്തിന് "ഇനി ഞാൻ ഒരിക്കലും ജോലിക്ക് പോകില്ല" എന്നായിരുന്നു മറുപടി. അതിന് കാരണവും ഭാ​ഗ്യശാലി പറഞ്ഞു. ആളുകൾ ആയുസ്സ് മുഴുവൻ ജോലിക്ക് വേണ്ടിയാണ് കളയുന്നത്. താൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രഥമ പരിഗണന നൽകും. അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനുമാണ് തീരുമാനമെന്നും യുവാവ് വ്യക്തമാക്കി. 

ലോട്ടറി അടിച്ചെന്ന് അറിഞ്ഞപ്പോൾ എന്തു ചെയ്യണമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആരെ വിളിച്ച് വിവരം പറയണമെന്ന് പോലും പെട്ടെന്ന് ഓർക്കാൻ കഴിഞ്ഞില്ല. രാത്രിയാണ് ലോട്ടറി അടിച്ച വിവരം അറിയുന്നത്. കുടുംബത്തെ വിളിച്ചെങ്കിലും എല്ലാവരും ഉറക്കത്തിലായിരുന്നു. അതിനാൽ നേരം പുലരുന്നത് വരെ കാത്തിരിക്കേണ്ടി വന്നുവെന്നും യുവാവ് പറയുന്നു.