കൊച്ചി: ബംബർ ലോട്ടറികളിൽ മാത്രം ഭാഗ്യം അന്വേഷിച്ചിരുന്ന പെരുമ്പാവൂർ സ്വദേശി റെജിനാണ് ഇത്തവണത്തെ മൺസൂർ ബംബർ. ലോട്ടറി വഴികിട്ടിയ അഞ്ചുകോടി ഉപയോഗിച്ച് മറ്റുള്ളവർക്കും ജോലി നൽകാവുന്ന ഒരു സ്ഥാപനവും, നല്ലൊരു വീടും ഒരുക്കാനാണ് റെജിയുടെ പദ്ധതി.

ബംബറുകളിൽ മാത്രമായിരുന്നു റെജിയുടെ ഭാഗ്യ പരീക്ഷണം. സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലമില്ല. അടിക്കുമെങ്കിൽ ബംബർതന്നെ അടിക്കട്ടെ എന്നായിരുന്നു ആഗ്രഹം. ആ മോഹമാണ് ഇത്തവണത്തെ മൺസൂൺ ബംബർ ലോട്ടറിയിലൂടെ യാഥാർത്ഥ്യമാകുന്നത്. പെരുമ്പാവൂർ കനിലോട്ടറി ഏജൻസിയിൽ നിന്നെടുത്ത എം.ഡി 240331 ടിക്കറ്റിലൂടെയാണ് ഭാഗ്യമെത്തിയത്. നറുക്കെടുപ്പ് ദിവസമെടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനമടിച്ചത് ഉടമ അറിയുന്നത് ഒരു ദിവസം കഴിഞ്ഞാണ്.

പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് റെജിൻ. നേരത്തെ ഒരു തവണ 5000 രൂപ അടിച്ചതാണ് ഏക സമ്മാനം. ലോട്ടറി തുക ഉപയോഗിച്ച് കുറച് പേർക്ക് ജോലി നൽകാവുന്ന ഒരു സ്ഥാപനവും, നല്ലൊരു വീടുമാണ് ലക്ഷ്യം. ഇനിയും ബംബർ ലോട്ടറികളിൽ തന്നെ ഭാഗ്യ പരീക്ഷണം തുടരാനാണ് റെജിന്റെ തീരുമാനം.