മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ  ഒന്നാം സമ്മാനമായ ആറു കോടി രൂപ ലഭിച്ചയാളെ കണ്ടെത്തി. മലപ്പുറം തൂത വാഴേങ്കട എടായ്ക്കല്‍ കളത്തില്‍ വീട്ടില്‍ സുബൈറിനാണ്(35)ബമ്പര്‍ സമ്മാനം ലഭിച്ചത്.
എടായ്ക്കലില്‍ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ് ഇദ്ദേഹം.

ജൂണ്‍ 26ന് നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാര്‍ഹനെ ദിവസങ്ങളായി തെരയുകയായിരുന്നു. ഒടുവില്‍ ആ ഭാഗ്യവാന്‍ സുബൈറാണെന്ന് കണ്ടെത്തുകയായിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് ആക്‌സിസ് ബാങ്കിന്റെ മണ്ണാര്‍ക്കാട് ശാഖയില്‍ ഈ മാസം നാലിനാണ് ഏല്‍പ്പിച്ചത്. കുടുംബത്തിലെ ഒരു വ്യക്തി അപകടത്തിൽ മരിച്ചതിന്റെ ആഘാതത്തിൽ ആയിരുന്നു സുബൈർ. അതിനാലാണ് ടിക്കറ്റ് ഹാജരാക്കാൻ വൈകിയത്.

20 വര്‍ഷമായി ലോട്ടറിയെടുക്കുന്ന സുബൈറിന് ആദ്യമായാണ് നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നത്. തൂതയിലെ ചില്ലറ ലോട്ടറി വില്‍പ്പനക്കാരനായ സുബാഷ് ചന്ദ്രബോസാണ് സുബൈറിന് ടിക്കറ്റ് വിറ്റത്.