ദുബായ്: കൊവിഡ് എന്ന മഹാമാരിക്കിടെ അപ്രതീക്ഷിതമായി കോടിപതിയായ സന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ രാജൻ കുര്യൻ. കഴിഞ്ഞദിവസം നറുക്കെടുത്ത 330-ാം സീരീസിലെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് രാജൻ കുര്യനെ ഭാ​ഗ്യം തേടി എത്തിയത്. 2852 എന്ന നമ്പറിലൂടെ 7.5 കോടിയിലേറെ രൂപയാണ് (10 ലക്ഷം ഡോളർ) രാജന് സ്വന്തമായത്. 

കെട്ടിട നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ ബിസിനസ് കൊവിഡ‍ിന് ശേഷം മന്ദീഭവിച്ചിരുന്നു. ഇതിനിടയിലാണ് 7.5 കോടിയുടെ ഭാ​ഗ്യം രാജനെ തേടി എത്തിയത്. ഒന്നാം സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും കൊവിഡിൽ പ്രായസപ്പെടുന്നവരെ ഓർത്ത് വിഷമിക്കുന്നുവെന്ന് രാജൻ പറയുന്നു. സമ്മാനത്തുകയിൽ നല്ലൊരു ശതമാനം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നൽകാനാണ് രാജന്റെ തീരുമാനം. 

ബാക്കി തുക ബിസിനസ് വിപുലമാക്കുന്നതിനും മക്കള്‍ക്ക് വേണ്ടിയും ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.  കൊവിഡ് സാഹചര്യങ്ങൾ സൃഷ്ടിച്ച വെല്ലുവിളികൾക്കിടെ ലഭിച്ച അനുഗ്രഹമാണിതെന്നും രാജൻ പറയുന്നു. കഴിഞ്ഞ ഒക്ടോബർ മുതലാണ് രാജൻ ഡ്യൂട്ടി ഫ്രീ ടിക്കറ്റിലൂടെ തന്റെ ഭാ​ഗ്യം പരീക്ഷിക്കാൻ തുടങ്ങിയത്. കോട്ടയത്തെ വീട്ടിലിരുന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ഈ ഭാഗ്യനമ്പർ ഓൺലൈനായി രാജൻ എടുത്തത്. 

അതേയമയം, ഇന്ത്യക്കാരനായ സെയ്ദ് ഹൈദ്രോസ് അബ്ദുല്ലയ്ക്ക് ബിഎംഡബ്ല്യു ആർ1250 ആഡംബര വാഹനവും കുവൈത്ത് സ്വദേശിക്ക് ബിഎംഡബ്ല്യു എംബിഐ കാറും സ്വിറ്റ്സർലൻഡ് പൗരന് റേഞ്ച് റോവർ സ്പോർട്സ് വാഹനവും ലഭിച്ചു.