Asianet News MalayalamAsianet News Malayalam

ടിക്കറ്റ് ആർക്കും വേണ്ട, നഷ്ടം വരുമെന്ന ആശങ്ക; വിറ്റുപോകാത്ത ലോട്ടറിയിലൂടെ കച്ചവടക്കാരൻ കോടിപതി !

തനിക്ക് കഴിയുന്ന  കാലത്തോളം ലോട്ടറി ഏജൻസി നടത്തിപ്പ് തുടരുമെന്ന് ഗംഗാധരൻ.

kozhikode lottery sellers win fifty fifty lottery first prize 1 crore kerala lottery nrn
Author
First Published Oct 11, 2023, 3:06 PM IST

കോഴിക്കോട്: വിറ്റുപോകാത്ത ഏഴ് ഫിഫ്റ്റി -ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകളുടെ നഷ്ടങ്ങളുടെ ആശങ്കയിലായിരുന്ന ഗംഗാധരൻ. പക്ഷേ ഫലം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം കോടിപതിയായി. പിന്നീട് അവിശ്വസീനായ സന്തോഷ നിമിഷങ്ങൾ. വിറ്റുപോകാത്ത ലോട്ടറി ടിക്കറ്റിലൂടെ ഭാഗ്യദേവത കടാക്ഷിച്ചതിൻ്റെ ആഹ്ളാദത്തിലാണ് അത്തോളി വേളൂരിലെ ലോട്ടറി ഏജൻ്റ് എൻ.കെ. ഗംഗാധരൻ. 

അത്തോളി ഗ്രാമപഞ്ചായത്തിന് സമീപം വേളൂരിൽ കഴിഞ്ഞ നാല് വർഷമായി ദേവികാ സ്‌റ്റോഴ്സ് ലോട്ടറി ഏജൻസി നടത്തി വരികയാണ് ഗംഗാധരൻ. കഴിഞ്ഞ ബുധനാഴ്ച ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകളുടെ ഏഴ് ടിക്കറ്റുകൾ വിറ്റുപോകാതെ ബാക്കിയായി. പലരെയും സമീപിച്ചെങ്കിലും ഈ ടിക്കറ്റുകൾ ആർക്കും വേണ്ടായിരുന്നു. നഷ്ടം വരുമെല്ലോ എന്ന ആശങ്കയിലായിരുന്നു ഗംഗാധരൻ. പക്ഷേ ആശങ്ക കൂടുതൽ സമയം നീണ്ടു നിന്നില്ല. ഫലപ്രഖ്യാപനം വന്നപ്പോൾ ഗംഗാധരൻ്റെ ആശങ്കകൾ ആഹ്ളാദത്തിന് വഴിമാറി. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു ഫിഫ്റ്റി-ഫിഫ്റ്റി നറുക്കെടുപ്പ്. 

ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒന്നാം സമ്മാനം തന്നെ തേടിയെത്തിയത് ഒരു നിമിഷം ഗംഗാധരന് വിശ്വസിക്കാനായില്ല. ആരോടും ഈ വിവരം ആദ്യമൊന്നും പറഞ്ഞില്ല. പിന്നീട് നമ്പർ ഒത്ത് നോക്കി ഉറപ്പാക്കിയ ശേഷം എസ്.ബി.ടിയുടെ അത്തോളി ശാഖയിൽ ലോട്ടറി ടിക്കറ്റ് കൈമാറി. അതിന് ശേഷം മാത്രമാണ് നാട്ടുകാരുടെ ഗംഗാധരേട്ടൻ എന്ന 72 വയസ്സുകാരൻ കോടിപതിയായ വിവരം പുറത്തറിയുന്നത്. ഫിഫ്റ്റി ഫിഫ്റ്റിയിലൂടെ ആറ് പേർക്ക് അയ്യായിരം രൂപയുടെ സമ്മാനവും ഇത്തവണ ഗംഗാധരൻ വിറ്റ ടിക്കറ്റിലൂടെ ലഭിച്ചു. 

33 വർഷകാലം അത്തോളി - കൊളത്തൂർ - ഉള്ളിയേരി റൂട്ടിലെ സ്വകാര്യ ബസ്സിലെ കണ്ടക്ടർ ആയിരുന്നു ഗംഗാധരൻ. നാല് വർഷം മുമ്പാണ് വീടിന് സമീപത്തായി വേളൂർ അങ്ങാടിയിൽ കട തുടങ്ങുന്നത്. തനിക്ക് 500ൽ കൂടിയ തുക ലോട്ടറി അടിക്കുന്നത് ആദ്യമായാണെന്ന് ഗംഗാധരൻ പറഞ്ഞു. നാട്ടുകാർക്ക് മധുരം വിതരണം ചെയ്താണ് ഇദ്ദേഹം സന്തോഷം ആഘോഷിച്ചത്. 

Kerala Lottery : 75 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

കുറച്ച് കടമുണ്ട്. അത് തീർക്കണം. മകനും മകൾക്കും വീടു നിർമ്മിക്കാൻ സഹായിക്കണം ഭാവി പ്രവർത്തനങ്ങൾ ഓരോന്നായി ഗംഗാധരൻ വിവരിച്ചു. ഭാര്യ ആശാകുമാരിയും മകൻ അഖിലേഷും മകൾ അഖിലയും അടങ്ങുന്നതാണ് ഗംഗാധരൻ്റെ കുടുംബം. എയർഫോഴ്സിലുള്ള മകൻ ഈ വർഷം വിരമിച്ച് നാട്ടിലെത്തും. തനിക്ക് കഴിയുന്ന  കാലത്തോളം ലോട്ടറി ഏജൻസി നടത്തിപ്പ് തുടരുമെന്നും ഗംഗാധരൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios