അബുദാബി: പ്രതിസന്ധിക്കിടെ അപ്രതീക്ഷിതമായി കോടിപതി ആയ സന്തോഷത്തിലാണ് പഞ്ചാബ് സ്വദേശിയായ ഗുര്‍പ്രീത് സിങ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്റെ 219-ാമത് നറുക്കെടുപ്പിലൂടെയാണ് ഗുര്‍പ്രീതിനെ തേടി ഭാ​ഗ്യം എത്തിയത്.  ഓഗസ്റ്റ് 12 ന് വാങ്ങിയ 067757 എന്ന ടിക്കറ്റ് നമ്പറിലൂടെ 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിർഹം)യാണ് ഈ പ്രവാസിക്ക് സ്വന്തമായത്.  

34 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നയാളാണ് ഗുര്‍പ്രീത്. കഴിഞ്ഞ രണ്ടു വര്‍ഷമായി എല്ലാ മാസവും മുടങ്ങാതെ ഇദ്ദേഹം ടിക്കറ്റ് വാങ്ങാറുണ്ട്. സമ്മാന വിവരം അറിയിക്കാൻ ബി​ഗ് ടിക്കറ്റ് അധികൃതർ ഫോൺ വിളിച്ചപ്പോൾ, ആദ്യം കബളിപ്പിക്കുകയാണെന്നാണ് കരുതിയതെന്ന് ഗുര്‍പ്രീത് പറയുന്നു. പിന്നാലെ യാഥാർത്ഥ്യം മനിസിലാക്കിയപ്പോൾ കൊവിഡ് ദുരിത കാലത്ത് ലഭിച്ച വൻ സമ്മാനം ഏറെ സന്തോഷം പകരുന്നുവെന്നായിരുന്നു ഗുര്‍പ്രീതിന്റെ പ്രതികരണം. ഷാർജയിൽ ഐടി മാനേജരായി ജോലി നോക്കുകയാണ് ഇദ്ദേഹം. 

"ചില സമയങ്ങളിൽ ഞാൻ എന്റെ സുഹൃത്തുക്കളുമായാണ് ടിക്കറ്റ് എടുക്കാറുള്ളത്. എന്നാൽ ഇത് ഞാൻ മാത്രം വാങ്ങിയതാണ്. ശ്രമം ഒരിക്കലും ഉപേക്ഷിക്കാതിരിക്കുക, ഒരുനാള്‍ ഭാഗ്യം തേടിയെത്തും. നിങ്ങൾ സ്വപ്നം കാണുമ്പോൾ, വലിയ സ്വപ്നം കാണുക",ഗുര്‍പ്രീത് പറയുന്നു. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തോടൊപ്പം ഈ സന്തോഷം പങ്കിടാനാണ് ആഗ്രഹിക്കുന്നതെന്നും ഗുര്‍പ്രീത് സിങ് അറിയിച്ചു. 

ബിഗ് ടിക്കറ്റ് അടക്കമുള്ള യുഎഇയിലെ നറുക്കെടുപ്പുകളിലെല്ലാം ഇന്ത്യക്കാരാണ് പതിവായി സമ്മാനം സ്വന്തമാക്കാറുള്ളത്. ഒക്ടോബർ മൂന്നിന് നട‌ക്കുന്ന അടുത്ത നറുക്കെടുപ്പിൽ 12 ദശലക്ഷം ദിർഹമാണ് സമ്മാനം. ഈ മാസം 30 വരെ ഇതിന്റെ ടിക്കറ്റുകൾ വിൽപന നടത്തും.