Asianet News MalayalamAsianet News Malayalam

നാലുവർഷം മുമ്പ് 'ഭാ​ഗ്യം' വിൽക്കാനിറങ്ങി, ഒടുവിൽ കോടീശ്വരനായി ഷറഫുദ്ദീൻ !

തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയാണ് 46കാരനായ ഷറഫുദ്ദീൻ. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന ഒരു ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം അടിച്ചത്. 

Says the Christmas bumper millionaire
Author
Thenkasi, First Published Jan 20, 2021, 6:23 PM IST

ലോട്ടറി വിറ്റ് കിട്ടുന്ന തുക കൊണ്ട് മൂന്ന് പോരടങ്ങുന്ന കുടുംബത്തെ പോറ്റുന്ന തമിഴ്‌നാട് തിരുനൽവേലി സ്വദേശി ഷറഫുദ്ദീനെ തേടി ഈയാഴ്ച എത്തിയത് ക്രിസ്മസ് ബമ്പറിന്റെ പന്ത്രണ്ട് കോടി. താൻ ഒരു കോടീശ്വരനായെന്ന് അദ്ദേഹത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല."ടിക്കറ്റ് എടുത്ത ദിവസം ശബരിമലയിൽ പോയ ഒരു സ്വാമി എനിക്ക് ലോട്ടറി അടിക്കുമെന്ന് പറഞ്ഞു. എന്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നാം സമ്മാനം ലഭിച്ചതിൽ ഒത്തിരി സന്തോഷം. എല്ലാം ദൈവാനു​ഗ്രഹമാണ്. എനിക്ക് ഭാ​ഗ്യം കൊണ്ട് വന്ന ടിക്കറ്റ് എടുത്തതിന് മേയർക്കും പ്രത്യേക നന്ദി", ഷറഫുദ്ദീൻ പറഞ്ഞ് തുടങ്ങുന്നു. 

തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയാണ് 46കാരനായ ഷറഫുദ്ദീൻ. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന ഒരു ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം അടിച്ചത്. നറുക്കെടുപ്പ് നടന്നതിന്റെ പിറ്റേദിവസം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു അദ്ദേഹം. ടിക്കറ്റ് തമിഴ് നാട്ടിൽ കൊണ്ട് വരാൻ സാധിക്കാത്തതിനാൽ, പരിചയമുള്ള കടയിലാണ് വച്ചിരുന്നത്. ഇന്നലെ കച്ചവടത്തിനായി പോയപ്പോഴാണ് ഭാ​ഗ്യം തുണച്ച വിവരം അറിഞ്ഞതെന്ന് ഷറഫുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

ലോട്ടറി കച്ചവടത്തിന് മുമ്പ് പ്രവാസിയായിരുന്നു ഷറഫുദ്ദീൻ.​"സൗദിയിൽ ഡ്രൈവർ ജോലിക്ക് വേണ്ടിയായിരുന്നു പോയത്. ആദ്യം പറഞ്ഞ തുക അല്ലായിരുന്നു അവിടെ എത്തിയപ്പോൾ കിട്ടിയത്. ഒൻപത് വർഷം നാട്ടിൽ വരാൻ പറ്റാതെ അവിടെ ആയിരുന്നു. വേറെ ജോലി നോക്കിയെങ്കിലും ഒന്നും ശരിയായില്ല. അങ്ങനെയാണ് നാട്ടിലെത്തുന്നത്. പിന്നീട് 1500രൂപയും കൊണ്ട് ജോലി തേടി ഇറങ്ങി. അത്രയെ കയ്യിലുണ്ടായിരുന്നുള്ളൂ.  ഒടുവിൽ ലോട്ടറി വിൽക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കച്ചവടം തുടങ്ങിയ അന്ന് തന്നെ ഞാൻ എടുത്ത ടിക്കറ്റിന് 1000 രൂപ അടിച്ചു. പിന്നീട് 500, 1000 രൂപ വച്ചൊക്കെ സമ്മാനം അടിക്കാറുണ്ട്. വലിയ തുക ഇതാദ്യമാണ്. ഇപ്പോൾ നാല് വർഷമായി ലോട്ടറി വിൽക്കുന്നു. ആര്യങ്കാവ് മുതൽ പുനലൂർവരെയാണ് വിൽപന.", ഷറഫുദ്ദീൻ പറയുന്നു. 

Says the Christmas bumper millionaire

ലോട്ടറി കച്ചവടത്തിന് പുറമേ ചെറിയ രീതിയിൽ കൃഷിയും നടത്തുന്നുണ്ട് ഇദ്ദേഹം. ഇപ്പോൾ കുടുംബ വീട്ടിലാണ് താമസമെന്നും പുതിയൊരു വീട് വയ്ക്കണമെന്നാണ് തന്റെ ആദ്യ ആ​ഗ്രഹമെന്നും ഷറഫുദ്ദീൻ പറയുന്നു. കുറച്ച് കടമുണ്ട് അത് തീർക്കണം. ചേട്ടന്റെ വിവാഹിതയായ മകൾക്കും കുറച്ച് കാശ് കൊടുക്കണമെന്നും ഷറഫുദ്ദീൻ പറയുന്നു. ഈ ഭാ​ഗ്യ നേട്ടത്തിലും തുടർന്നും ലോട്ടറി കച്ചവടം നടത്തുമെന്നും ടിക്കറ്റുകൾ എടുക്കുമെന്നും ഷറഫുദ്ദീൻ അറിയിച്ചു. 

സബീനയാണ് ഷറഫുദ്ദീന്റെ ഭാ​ര്യ. ആര്യങ്കാവിലാണ് സബീനയുടെ വീട്.  മകൻ പർവേഷ് മുഷറഫ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. വീട്ടിലേക്ക് ഭാഗ്യം എത്തിയ സന്തോഷത്തിലാണ് ഇരുവരും. വര്‍ഷങ്ങളായി തെങ്കാശിയില്‍ താമസിക്കുന്ന ഷറഫുദ്ദീന്റെ കുടുംബക്കാരെല്ലാം കേരളത്തിലാണ്. പിതാവും മാതാവും മലയാളികളാണ്. 

Follow Us:
Download App:
  • android
  • ios