അഞ്ചൽ: നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് മാതേഷ് എന്ന ഇരുപത്തേഴുകാരൻ. കേരള സർക്കാരിന്റെ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിലൂടെയാണ് മാതേഷിനെ ഭാ​ഗ്യദേവത തേടിയെത്തിയത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

ഇടമുളയ്ക്കലിലെ വാടകവീട്ടിൽ താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയാണ് മാതേഷ്. ചന്തമുക്കിലെ ലോട്ടറിക്കടയിൽ നിന്നാണ് ഇയാൾ സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. രണ്ട് ടിക്കറ്റുകൾ എടുത്തതിൽ ഒന്നിലൂടെ ഭാഗ്യം സ്വന്തമാകുകയായിരുന്നു. 

കഴിഞ്ഞ ഏഴ് വർഷമായി ഭാര്യ ശ്രീകലയ്ക്കൊപ്പം അഞ്ചലിൽ വാടകയ്ക്ക് താമസിച്ച് വരികയാണ് മാതേഷ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഇദ്ദേഹം തുണിത്തരങ്ങൾ തവണവ്യവസ്ഥയിൽ വിറ്റും മറ്റു ജോലികൾ ചെയ്തുമാണ് ജീവിക്കുന്നത്. കുറച്ചു സ്ഥലം വാങ്ങി, അവിടെയൊരു വീടുവയ്ക്കണമെന്നാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമെന്ന് മാതേഷ് പറയുന്നു. സമ്മാനാർഹമായ ടിക്കറ്റ് കാനറാ ബാങ്കിന്റെ അഞ്ചൽ ശാഖയിൽ ഏൽപ്പിച്ചു.