തൃശ്ശൂർ: സജേഷിന്റെ അടിത്തറയുള്ളൊരു വീടെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാകും. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിലൂടെയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ സജേഷിന്റെ സ്വപ്നം പൂവണിയാൻ പോകുന്നത്. 80 ലക്ഷം രൂപയാണ് സജേഷിന് സ്വന്തമായത്. 

കോട്ടപ്പുറത്ത് വെൽഡിങ് തൊഴിലാളിയാണ് സജേഷ്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് ടിക്കറ്റ് നല്‍കിയ ബന്ധുകൂടിയായ വില്‍പ്പനകാരന്‍ ഫോണില്‍ വിളിച്ച് നമ്പര്‍ നോക്കാൻ സജേഷിനോട് പറഞ്ഞത്. പിന്നാലെ നമ്പറുകൾ ഒത്തുനോക്കുകയും സമ്മാനം തനിക്കാണ് ലഭിച്ചതെന്ന് സജേഷ് ഉറപ്പുവരുത്തുകയുമായിരുന്നു. 

അച്ഛനും അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് സജേഷിന്റെ കുടുംബം. പ്രളയത്തിൽ വെള്ളം കയറിയ വീട് ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലായിരുന്നു. അറ്റകുറ്റപണികള്‍ക്കാണ് സഹായം ലഭിച്ചത്. പുതുക്കി പണിയാൻ സജേഷ് പരിശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിലാണ് സജേഷ് ലോട്ടറി എടുക്കുന്നതും നിനച്ചിരിക്കാതെ ഭാ​ഗ്യം അദ്ദേഹത്തെ തേടി എത്തുന്നതും. ക്രിസ്മസ് ദിനത്തിൽ രാവിലെ അഞ്ചങ്ങാടി ജം​ഗ്‌ഷനിൽ നിന്നാണ് സജേഷ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്.