Asianet News MalayalamAsianet News Malayalam

പ്ലക്കാര്‍ഡുമായി നിന്നാല്‍ ജോലി കിട്ടുമോ? കിട്ടി, ഒന്നല്ല ഒരുപാട് അവസരങ്ങള്‍

പിരിഞ്ഞുപോന്നപ്പോള്‍ കിട്ടിയ കാശും തീര്‍ന്നു. ആള് പെരുവഴിയിലുമായി. ഒരു വര്‍ഷത്തോളം കാറില്‍ കഴിഞ്ഞു. ഒരുമാസം മുന്‍പ് കാറൊക്കെ കടക്കാര് കൊണ്ടുപോയി. 

'Homeless web developer hungry for success' post viral
Author
Street Food Fair, First Published Jul 31, 2018, 7:00 PM IST

'വീടില്ല, പക്ഷെ വിജയത്തിനായി വിശക്കുന്നുണ്ട്, ഒരു റെസ്യൂമെ സ്വീകരിച്ചുകൂടേ?' ഇങ്ങനെ ഒരു പ്ലക്കാര്‍ഡുമായി നിന്നാല്‍ ജോലി കിട്ടുമോ? കിട്ടായ്കയില്ല. കാലിഫോര്‍ണിയയില്‍ ഇങ്ങനെയെഴുതിയ പ്ലക്കാര്‍ഡും പിടിച്ചുനിന്ന ഇരുപത്തിയാറുകാരനെ തേടിയെത്തിയത് ചില്ലറക്കാരൊന്നുമല്ല. ഗൂഗിള്‍, നെറ്റ് ഫ്ലിക്സ്, ലിങ്ക്ഡ് ഇന്‍ തുടങ്ങി ഇരുന്നൂറോളം കമ്പനികളാണ്. ട്വിറ്ററാണ് അതിന് വഴിയൊരുക്കിയത്. 

ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജ്മെന്‍റ് ബിരുദധാരിയാണ് ഡേവിഡ് കാസറസ് എന്ന യുവാവ്. ആളൊരു വെബ് ഡെവലപ്പറാണ്. വിവിധ പാര്‍ക്കുകളിലാണ് ആളുടെ രാത്രി കഴിച്ചുകൂട്ടല്‍. സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങണമെന്ന ആഗ്രഹം തോന്നിയതോടെയാണ് നേരത്തെ ഉണ്ടായിരുന്ന ജനറല്‍ മോട്ടേഴ്സിലെ ജോലി ഉപേക്ഷിച്ചത്. പക്ഷെ, കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന പോലെയായി കാര്യങ്ങള്‍. സ്റ്റാര്‍ട്ടപ്പ് തുടങ്ങിയതുമില്ല. പിരിഞ്ഞുപോന്നപ്പോള്‍ കിട്ടിയ കാശും തീര്‍ന്നു. ആള് പെരുവഴിയിലുമായി. ഒരു വര്‍ഷത്തോളം കാറില്‍ കഴിഞ്ഞു. ഒരുമാസം മുന്‍പ് കാറൊക്കെ കടക്കാര് കൊണ്ടുപോയി. 

അങ്ങനെ, ഫ്രീലാന്‍സായി വെബ് ഡിസൈനും ലോഗോ ഡിസൈനും ചെയ്ത് കിട്ടുന്ന കാശ് കൊണ്ട് പിടിച്ചുനിന്നു. വേറൊരു വഴിയുമില്ലെന്ന് വന്നതോടെയാണ് കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ പ്ലക്കാര്‍ഡുമായി നിന്നത്. ഷര്‍ട്ടും പാന്‍റും ടൈയ്യുമൊക്കെയായി എക്സിക്യൂ്ടടീവ് സ്റ്റൈലിലായിരുന്നു ആളുടെ നില്‍പ്പ്. പക്ഷെ, ആ നില്‍പ്പ് വെറുതെയായില്ല. അതുവഴി കടന്നുപോയ ജാസ്മിന്‍ സ്കോഫീല്‍ഡെന്ന ഡ്രൈവറാണ് ഡേവിഡ് കാസറസിനെ തുണച്ചത്. അയാള്‍ക്കവനെ അവഗണിക്കാനായില്ല. കാസറസിന്‍റെ അനുവാദത്തോടെ ഒരു ഫോട്ടോയെടുത്ത് അഭ്യര്‍ത്ഥനയുമായി ട്വിറ്ററില്‍ കാച്ചി. അതിനുശേഷമുണ്ടായ കാര്യങ്ങളാണ് അദ്ഭുതം. ട്വീറ്റിന് ലഭിച്ചത് 2.1 ലക്ഷത്തിലധികം ലൈക്കുകള്‍, 1.3 ലക്ഷം റീട്വീറ്റുകള്‍. അതിനു പിന്നാലെ ടൂഗിളടക്കമുള്ള കമ്പനികളില്‍ നിന്ന് ജോലി വാഗ്ദാനവും. 

എന്തായാലും ഡേവിഡ് കാസറസിന്‍റെ കാര്യത്തില്‍ അതോടെ നല്ലൊരു തീരുമാനമായിരിക്കുകയാണ്. അവസരങ്ങളുടെ ഘോഷയാത്രയല്ലേ!

Follow Us:
Download App:
  • android
  • ios